ഡല്‍ഹി: പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തില്‍ ആശങ്ക വേണ്ടെന്ന് സ്പീക്കര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കര്‍ വിശദീകരണം തേടി. സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. അധിക സുരക്ഷയ്ക്ക് നടുവില്‍ ലോക്സഭ പുനഃരാരംഭിച്ചുവെങ്കിലും നാലുമണി വരെ നിര്‍ത്തിവച്ചു,
പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്. അക്രമികളടക്കം നാലു പേര് ഇതുവരെ സുരക്ഷാസേനയുടെ പിടിയിലായിട്ടുണ്ട്. നീലം, അമോര്‍ ഷിന്‍ഡെ എന്നിവര്‍ പാര്‍ലമെന്റിന് പുറത്ത് നിന്നും പിടിയിലായിട്ടുണ്ട്. പിടിയിലായവരെ ഭീകരവിരുദ്ധ സേന ചോദ്യം ചെയ്യുകയാണ്.
ഇന്ന് ഉച്ചയോടെയാണ് പാര്‍ലമെന്റിനുള്ളില്‍ കളര്‍സ്പ്രേയുമായി രണ്ട് പേര് പ്രതിഷേധം നടത്തിയത്. സന്ദര്‍ശക ഗാലറിയില്‍ നിന്നും ഇവര്‍ സഭാംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. ശൂന്യവേളക്കിടെ ആയിരുന്നു സംഭവം.
അതേസമയം പാര്‍ലമെന്റിന് പുറത്തും കളര്‍സ്പ്രേയുമായി രണ്ട് പേര് പ്രതിഷേധിച്ചു. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.