പാലക്കാട്: 2022 -ല്‍ പാലക്കാട് കൂട്ടുപാതയിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ കസബ പൊലീസ് പിടികൂടിയ സംഭവത്തിൽ ചന്ദ്രനഗർ കാരേക്കാട് കരിങ്കരപുളളി സ്വദേശി മിഥുൻ കുമാറിനെയാണ് (28), ഒഡീഷയിൽ 210 കിലോ കഞ്ചാവ് കേസിൽ ജയിലിൽ കഴിയുന്നതിനിടയിൽ കസബ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 
കഞ്ചാവുമായി ആദ്യം പിടിയിലായത് കല്ലേപുള്ളി സ്വദേശികളായ സനോജും അജിത്തുമാണ്. പിന്നീടുള്ള അന്വേഷണത്തിൽ കാരക്കാട് സ്വദേശിയായ ജിതിൻ എന്ന ജിത്തുവും ചന്ദ്രനഗർ ഉള്ള സന്ദീപ്, ഒലവക്കോടുള്ള വിവേക് എന്നിവരെയും അറസ്റ്റു ചെയ്തിരിന്നു. 
കഞ്ചാവ് മൊത്തമായി ഒഡിഷയിൽ നിന്ന് കൊണ്ടുവന്ന് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ വിൽപ്പന നടത്തിവരുന്ന സംഘമാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചരക്ക് വാഹനങ്ങളിലും വാടകക്ക് കൊടുക്കുന്ന വാഹനങ്ങളിലുമാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. 
വാടകക്ക് എടുക്കുന്ന വീടുകളിലും മറ്റും സ്റ്റോക്ക് ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണിവർ. കേസിൽ കൂടുതൽ  കുറ്റക്കാരുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. 
പാലക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും അന്വേഷണo നടത്തിയ ശേഷം ഒഡീഷയിലെ ജയിലിലേക്ക്  കൊണ്ടുപോയി റിമാന്റു ചെയ്യുകയും ചെയ്യും. 
നാല് മാസം മുമ്പ് പാലക്കാട് ജില്ലയിലെ നാല് പ്രതികളും ഒഡീഷയിലെ ഒരാളെയും 21O കിലോ കഞ്ചാവുമായി പിടികൂടിയിരിന്നു. ഈ കേസിൽ ജയിലിൽ കഴിയുന്ന മിഥുൻ കുമാറിനെയാണ് കസബ പൊലീസ് ഒഡീഷയിലെത്തി കസ്‌റ്റഡിയിലെടുത്തത്. 
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐപിഎസ്, എഎസ്‌പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് എന്‍.എസ്, എസ്ഐമാരായ മനോജ് കുമാർ, അനിൽ കുമാർ, എസ്‌സിപിഒമാരായ രാജീദ് ആർ, സുനിൽ, അശോക്, പ്രിൻസ് എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *