തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കഞ്ചാവുമായെത്തിയത് മോഷണക്കേസ് പ്രതി. ചെങ്കല്‍ചൂള സ്വദേശി ശരത്താണ് അറസ്റ്റിലായത്. ഒരു കിലോയിലധികം കഞ്ചാവുമായി ഓട്ടോറിക്ഷയിലാണ് ശരത്ത് എത്തിയത്.
തിരുവനന്തപുരം കാരോട് ബൈപ്പാസില്‍ വാഹന പരിശോധനയിലാണ് വലിയ തോതില്‍ കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ് കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ചെങ്കലില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
ലഹരി മാഫിയകള്‍ ചെക്ക് പോസ്റ്റുകളിലെ കര്‍ശന പരിശോധനകളില്‍ നിന്നും ഒഴിവാക്കുന്നതിലേക്കായി കാരോട് കഴക്കൂട്ടം ബൈപ്പാസ് കടത്തിനായി ഉപയോഗിക്കുന്നത് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെമു ടീം ബൈപ്പാസിലെ വിവിധ ഇടങ്ങളിലായി കര്‍ശനമായ രീതിയില്‍ വാഹന പരിശോധന നടത്തിയത്.
ക്രിസ്തുമസ്, ന്യൂ ഇയര്‍ അനുബന്ധിച്ച് വ്യാപകമായ രീതിയില്‍ സംസ്ഥാനത്തേക്ക് കഞ്ചാവും മയക്കുമരുന്നുകളും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് തടയാനായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശ്യാംകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. ശങ്കര്‍, എം. വിശാഖ്, കെ.ആര്‍. രജിത്ത്, ഹരിപ്രസാദ്, വി.ജെ. അനീഷ്, വി.എസ്. സുജിത്ത് എന്നിവര്‍ പങ്കെടുത്തു.