ഡല്‍ഹി-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് (ആര്‍ആര്‍ടിഎസ്) ഫണ്ട് നല്‍കുന്നതില്‍ കാലതാമസം വരുത്തിയ ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ പരസ്യ ഫണ്ടില്‍ നിന്ന് പണം ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് പുനരുജ്ജീവിപ്പിക്കാന്‍ കോടതിയെ നിര്‍ബന്ധിക്കുന്നും കോടതി വ്യക്തമാക്കി. റാപ്പിഡ് റെയില്‍ പദ്ധതിക്ക് പണം നല്‍കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പരസ്യ ബജറ്റില്‍ നിന്ന് തുക തിരിച്ചുവിടുമെന്ന് നവംബറില്‍ കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ബജറ്റ് വിഹിതത്തിന് ഡല്‍ഹി കാബിനറ്റ് അനുമതി നല്‍കിയതായും കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ആം ആദ്മി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ഏഴ് ദിവസത്തിനകം കേന്ദ്രത്തിന്റെ അനുമതി വാങ്ങണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡല്‍ഹി സര്‍ക്കാരിന് പരസ്യങ്ങള്‍ക്കായി 580 കോടി രൂപ ബജറ്റില്‍ നീക്കിവയ്ക്കാനുണ്ടെന്നും പദ്ധതിക്കായി നല്‍കേണ്ട 400 കോടി രൂപ ബജറ്റ് വിഹിതം നല്‍കാന്‍ കഴിയില്ലെന്നതാണ് പ്രശ്നമെന്നും മുന്‍പ് നടന്ന വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. ‘ഇത്തരം ദേശീയ പദ്ധതികള്‍ക്ക് പണമില്ലെന്ന് പറയുകയും, എന്നാല്‍ പരസ്യത്തിനായി പണം ചെലവഴിക്കുകയും ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യവികസനത്തിന് പണം നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും.’- എന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.
പദ്ധതിക്ക് ഫണ്ട് അനുവദിക്കണമെന്ന ഉത്തരവ് ഭാഗികമായി പാലിക്കാന്‍ കഴിയില്ലെന്നും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ഷെഡ്യൂള്‍ അനുസരിച്ച് നടക്കണമെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയെ ഉത്തര്‍പ്രദേശിലെ മീററ്റ്, രാജസ്ഥാനിലെ അല്‍വാര്‍, ഹരിയാനയിലെ പാനിപ്പത്ത് എന്നിവിടങ്ങളില്‍ ബന്ധിപ്പിക്കുന്ന സെമി-ഹൈ സ്പീഡ് റെയില്‍ ഇടനാഴികളാണ് ആര്‍ആര്‍ടിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴിയുടെ 17 കിലോമീറ്റര്‍ വരുന്ന മുന്‍ഗണനാ വിഭാഗം ഒക്ടോബര്‍ 20നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പരമ്പരാഗത മെട്രോ ട്രെയിനുകളോട് സാമ്യമുള്ളതാണെങ്കിലും ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍, ലഗേജ് കാരിയറുകളും കോച്ചുകള്‍ക്കുള്ളിലെ മിനിയേച്ചര്‍ സ്‌ക്രീനുകളും ഉള്‍പ്പെടെ നിരവധി പാസഞ്ചര്‍ കേന്ദ്രീകൃത സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
ആര്‍ആര്‍ടിഎസ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 82.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് 2025 ജൂണില്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡല്‍ഹി-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ കുടിശ്ശിക തീര്‍ക്കാന്‍ ജൂലൈയില്‍ ഡല്‍ഹി സര്‍ക്കാരിന് കോടതി രണ്ട് മാസത്തെ സമയം നല്‍കിയിരുന്നു.