ചെന്നൈ: ശ്രീലങ്കയിൽ അറസ്റ്റിലായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ എത്രയും വേഗം തിരികെയെത്തിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഈയിടെയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലും സുരക്ഷിതത്വത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിടിയിലായ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഡിസംബർ ഒൻപതിനു നാഗപട്ടണം തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനുപോയ 12 മത്സ്യത്തൊഴിലാളികളെയും കാരയ്ക്കലിൽനിന്നു മത്സ്യബന്ധനത്തിനു പോയ 13 പേരെയും ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു.