തിരുവനന്തപുരം: ശബരിമല തീർഥാടനം അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ നരകയാതന, തീർത്ഥാടകരോട് പിണറായി സർക്കാർ ചെയ്യുന്നത് പരമ​ദ്രോഹമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഭക്തർക്ക് കുടിവെള്ളം പോലും കിട്ടുന്നില്ല. പ്രശ്‌നം പരിഹരിക്കുന്ന ഒരു മന്ത്രിയെ അയക്കണം. സർക്കാർ ഇങ്ങനെ ഇതിനെ കൈകാര്യം ചെയ്യാൻ ആണ് ഉദ്ദേശമെങ്കിൽ വലിയ സമരങ്ങളിലേക്ക് ബിജെപി കടക്കും.
ഈ മണ്ഡല കാലത്ത് ശബരിമലയിൽ ആവശ്യമായ ഒരു മുന്നൊരുക്കവും സർക്കാർ നടത്തിയിരുന്നില്ലെന്ന് നേരത്തെ തന്നെ ബിജെപി മുന്നറിയിപ്പ് നൽകിയിരുന്നു. സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കാരണം നരകയാതനയാണ് തീർത്ഥാടകർ സഹിക്കേണ്ടി വരുന്നത്.
കുഞ്ഞു മാളികപ്പുറം അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണ് മരിച്ചത് ഏറെ സങ്കടപ്പെടുത്തിയ വാർത്തയായിരുന്നു. പമ്പ മുതൽ സന്നിധാനം വരെ അയ്യപ്പ ഭക്തൻമാർ വളരെ കഷ്ടപ്പെട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അയ്യപ്പൻമാർക്ക് പല സ്ഥലങ്ങളിലും കുടിവെള്ളം പോലും വിതരണം ചെയ്യാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിട്ടില്ല.
കൂടാതെ മാളികപ്പുറങ്ങൾക്ക് ശുചിമുറിയോ വസ്ത്രം മാറാനുള്ള കേന്ദ്രങ്ങളോ സർക്കാർ തയ്യാറാക്കിയിട്ടില്ല. നിരവധി ഭക്തൻമാർ എത്തുന്ന ശബരിമലയെ അവഗണിക്കുന്നതിന് പിന്നിൽ പിണറായി സർക്കാരിന്റെ രാഷ്‌ട്രീയ താത്പര്യമാണെന്ന് വ്യക്തമാണ്.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പൻമാരോട് വളരെ മോശമായാണ് പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർ പെരുമാറുന്നത്.
ആചാരലംഘനം നടത്തി ശബരിമലയെ തകർക്കാനുള്ള ശ്രമം അയ്യപ്പഭക്തർ പരാജയപ്പെടുത്തിയതാണ് പിണറായി സർക്കാരിന്റെ പകയ്‌ക്ക് കാരണമെന്ന് വ്യക്തമാണ്. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *