പാലാ: നവകേരള സദസ്സിനായി കൂറ്റൻ പന്തലാണ് സ്ഥാപിച്ചിരിക്കുന്നത്. ഒറ്റ നിരയിൽ 25 പേർക്ക് ഇരിക്കാവുന്ന വിധമാണ് വേദി തയ്യാറാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ എംപിമാരായ ജോസ് കെ. മാണിക്കും തോമസ് ചാഴികാടനും മുൻനിരയിൽ ഇരിപ്പിടമുണ്ടാവും. സദസ്സിൽ 7500-ൽ പരം കസേരകൾ ഇട്ടു കഴിഞ്ഞു. മൈതാനത്തും കസേരകൾ ഇടും. അഗ്നിസുരക്ഷാ വിഭാഗത്തിനും ആരോഗ്യ വിഭാഗത്തിനും സ്ഥലസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

‘ക്യാബിനറ്റ് ഇൻ പാലാ’ പാലായ്ക്ക് വരൂ… മന്ത്രിസഭയുമായി സംവദിക്കൂ…
നാളത്തെ സായാഹ്നം പാലായ്ക്ക് മറ്റൊരു ആഘോഷമായി തീരും. ക്യാബിനറ്റ് ഒന്നാകെ എത്തുന്ന നവകേരള സദസ്സ് വൻ വിജയമാക്കുവാനും ജനപങ്കാളിത്തം ഉറപ്പുവരുത്തുവാനും വലിയ ഒരുക്കങ്ങളാണ് വിവിധ സർക്കാർ വകുപ്പുകളും സംഘാടക സമിതികളും സംയുക്തമായി നടത്തിയിരിക്കുന്നത്. 
മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതൽ സമയം ചിലവഴിക്കുന്നതും പാലായിലാവും. വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന യോഗം എട്ട് മണിയോടെയാണ് അവസാനിക്കുക.
നവകേരള സദസ്സ്: സ്വാഗത ഗാനം വിദ്യാഭ്യാസ ഓഫീസറും അദ്ധ്യാപകരും ആലപിക്കും
നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന നവ കേരള സദസ്സിന് സ്വാഗത ഗാനം ആലപിക്കുക അദ്ധ്യാപകരായിരിക്കും. പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി. സുനിജയുടെയും പാലാ സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപിക അഞ്ചു സി നായരുടെയും നേതൃത്വത്തിലാണ് സ്വാഗത ഗാനം ആലപിക്കുന്നത്.
പാലാ ബിആർസി ട്രെയിനർ കെ. രാജ്കുമാര്‍ രചിച്ച സ്വാഗത ഗാനം ആലപിക്കുന്നത്. പാല സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ജിൻസ് ജോർജ്, ഷോബി ജോൺ, രാമപുരം ബിആർസിയിലെ വി.എസ്. സാജൻ, കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂളിലെ രമ്യ രാജൻ, കുടക്കച്ചിറ സെൻറ് ജോസഫ് ഹൈസ്കൂളിലെ  ബോബി കുര്യൻ, അയർക്കുന്നം ഹയർ സെക്കൻഡറി സ്കൂളിലെ ജിജോ ചെറിയാൻ, കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗീതിക സെബാസ്റ്റ്യൻ എന്നിവരാണ് സ്വാഗത ഗാനം ആലപിക്കുക.
ആങ്കറിംഗ്‌
നവ കേരള സദസിന്റെ ആങ്കറിംഗ് നടത്തുന്നത് കൂത്താട്ടുകുളത്ത് താമസമുള്ള അധ്യാപകനായ കെ.പി സാജുവും ഈരാറ്റുപേട്ട ബാറിലെ അഭിഭാഷകയായ മേലുകാവ് സ്വദേശിനി ബില്ലട്ടുമാണ്. സാജു മലബാർ മേഖലയിലെ നവ കേരള സദസ്സുകളിൽ ആങ്കറിംഗ് നടത്തിയിട്ടുണ്ട്.
നിവേദനങ്ങൾക്ക് സമയപരിധിയില്ല
നവകേരള സദസ്സിൻ്റെ പരിഗണനയ്ക്കും തീർപ്പിനുമായി സമർപ്പിക്കുന്ന നിവേദനങ്ങളും അപേക്ഷകളും പരാതികളും രണ്ടു മണി മുതൽ സ്വീകരിച്ചു തുടങ്ങും. 
അവസാന അപേക്ഷകൻ്റെ നിവേദനവും സ്വീകരിച്ച ശേഷമേ പരാതി കൗണ്ടറുകൾ അവസാനിപ്പിക്കുകയുള്ളൂ.
കലാസന്ധ്യ
നവകേരള സദസ്സിൽ നാലുമണി മുതൽ എലിക്കുളം മാജിക് വോയിസ് അവതരിപ്പിക്കുന്ന  ഗാനമേളയും 7.30 മുതൽ ജൂനിയർ കലാഭവൻ മണി രതീഷ് വയലായും, ജൂനിയർ ജയൻ സ്റ്റാൻലി കോട്ടയവും, ആലപ്പി ഗോപകുമാറും, കലാഭവൻ ജോഷിയും ചേർന്ന് അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അത്താഴം പാലായിൽ നിന്നും
നവകേരള സദസ്സിനു ശേഷം ക്യാബിനറ്റ് ഒന്നാകെ പാലായിൽ നിന്നുമാണ് അത്താഴം കഴിക്കുക. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണം സംഘാടക സമിതി ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിൽ എത്തിച്ചേരുന്ന എല്ലാവർക്കും ലഘുഭക്ഷണവും ഉണ്ടാവും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *