രൺബീർ കപൂർ നായകനായ അനിമല്‍ സിനിമ റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 700 കോടി കളക്ഷന്‍ പിന്നിട്ടു. ഇതിനൊപ്പം തന്നെ ആഭ്യന്തര കളക്ഷനില്‍ ബോളിവുഡിൽ ഇതുവരെ ഷാരൂഖ് ഖാനും സണ്ണി ഡിയോളും മാത്രം തകർത്ത 500 കോടി ക്ലബ്ബിനോട് അടുക്കുകയാണ് അനിമല്‍.
 ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നിൽക് പറയുന്നതനുസരിച്ച് സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ റിലീസായി രണ്ടാം ഞായറാഴ്ച എല്ലാ ഭാഷകളിലുമായി 37 കോടി രൂപ നേടിയെന്നാണ്. സിനിമയുടെ പത്ത് ദിവസത്തെ ആകെ തുക ഇപ്പോൾ 432.37 കോടി രൂപയാണ്. ഇതിനൊപ്പം ലോകമെമ്പാടുമുള്ള ചിത്രത്തിന്‍റെ മൊത്തം കളക്ഷന്‍ 700 കോടി രൂപയിവെത്തിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ശനിയാഴ്ച വരെ 660 കോടിയായിരുന്നു അനിമലിന്‍റെ കളക്ഷന്‍.
ഇതോടെ ഈ വര്‍ഷത്തെ തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ജയിലറിനെയും, ലിയോയെയും അനിമല്‍ മറികടന്നു. 10 ദിവസം കൊണ്ടാണ് കോളിവുഡിലെ ഈ വര്‍ഷത്തെ വന്‍ ഹിറ്റുകളെ രണ്‍ബീര്‍ കപൂര്‍ ചിത്രം പിന്നിലാക്കിയത്. 650 കോടിയാണ് രജനികാന്ത് നായകനായി എത്തിയ നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ നേടിയത്. അതേ സമയം 612 കോടിയാണ് ലിയോ ആഗോള ബോക്സോഫീസില്‍ നേടിയത് എന്നാണ് വിവരം.
ഈ രണ്ട് ചിത്രങ്ങളെയും അനിമല്‍ പത്ത് ദിവസത്തില്‍ പിന്നിലാക്കി. ഷാരൂഖ് ബ്ലോക്ക്ബസ്റ്ററുകളായ പത്താൻ, ജവാൻ എന്നീ രണ്ട് ചിത്രങ്ങളെക്കാളും മികച്ച രണ്ടാമത്തെ ഞായറാഴ്ച കളക്ഷനാണ് അനിമലിന് ലഭിച്ചത്. പഠാന്‍ രണ്ടാമത്തെ ഞായറാഴ്ച 28.5 കോടി രൂപ നേടിയപ്പോൾ ജവാന്‍ 36.85 കോടി രൂപ നേടി. രണ്ടാം വാരാന്ത്യത്തിന് ശേഷമുള്ള മൊത്തം കളക്ഷന്റെ കാര്യത്തിൽ അനിമൽ ഇതിനകം പഠാനെക്കാള്‍ മുന്നിലാണ്.

1000 കോടി കടക്കുമോ എന്ന കാര്യമാണ് ഇപ്പോള്‍ സിനിമ ലോകം ഉറ്റുനോക്കുന്നത്. അര്‍ജുന്‍ റെഡ്ഡി, അതിന്‍റെ ഹിന്ദി റീമേക്ക് ആയ കബീര്‍ സിംഗ് എന്നിവയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയാണ് അനിമല്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രവുമായിരുന്നു ഇത്. രശ്മിക മന്ദാന നായികയാണ് എന്നതും ചിത്രത്തിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ഘടകമാണ്. ഡിസംബര്‍ 1 ന് ആയിരുന്നു അനിമലിന്‍റെ റിലീസ്. സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നതെങ്കിലും ആദ്യദിനം മുതല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുകയാണ് ചിത്രം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed