ചാവക്കാട്: പഞ്ചവടിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ പഞ്ചവടി പുളിക്കൽ വീട്ടിൽ നജിലിനെയാണ് (26) ചാവക്കാട് പൊലീസ് പിടികൂടിയത്.
പഞ്ചവടിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ അഖിൽ എന്ന യുവാവിനെയാണ് നജിലും ഷാജിയും ചേർന്ന് ആക്രമിച്ചത്. ഒളിവിലായ ഷാജിയെ പാലക്കാട്ടുനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നജിൽ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഒളിവിൽ കഴിയുകയായിരുന്നു.
നാട്ടിലെ സുഹൃത്തിന്റെ വീട്ടിൽ നജിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് 20.6 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.