മുംബൈ: പിതാവില്‍നിന്ന് പണം തട്ടിയെടുക്കാന്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ ചമച്ച 20കാരന്‍ കുടുങ്ങി. ബൈക്കിന്റെ കേടുപാടുകള്‍ മാറ്റാനും മറ്റുമായി 30,000 രൂപ പിതാവില്‍ നിന്ന് തട്ടിയെടുക്കാനാണ് യുവാവ് വ്യാജ കഥ മെനഞ്ഞത്. 
അച്ഛനോട് നേരിട്ട് ചോദിച്ചാല്‍ കിട്ടില്ല എന്ന മുന്‍ധാരണയില്‍ തന്നെ തട്ടിക്കൊണ്ടുപോയതായുള്ള കഥ ചമച്ച് അച്ഛനില്‍ നിന്ന് പണം തട്ടാനാണ് 20കാരനായ അങ്കിത്ത് ശ്രമിച്ചത്. അന്വേഷണം നടത്തി രണ്ടുമണിക്കൂറിനകം 20കാരന്‍ പൊലീസിന്റെ പിടിയിലായി.
മുംബൈയിലാണ് സംഭവം. വ്യാഴാഴ്ച വൈകിയും മകന്‍ വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ അങ്കിത്തിനെ കാണാനില്ലെന്ന് പിതാവ് ംപാലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍, പിതാവ് പോലീസിനെ സമീപിച്ചത് അറിയാതെ തന്നെ തട്ടിക്കൊണ്ടുപോയതായുള്ള കഥ ചമച്ച് 20കാരന്‍ മുന്നോട്ടുപോകുകയായിരുന്നു. അതിനിടെ തന്നെ വിട്ടയയ്ക്കാന്‍ മോചനദ്രവ്യമായി 30000 രൂപ ഓണ്‍ലൈന്‍ വഴി സംഘത്തിന് കൈമാറാന്‍ 20കാരന്‍ പിതാവിനോട് ആവശ്യപ്പെട്ടു. സ്‌കാന്‍ ചെയ്ത് പണം കൈമാറാന്‍ ക്യൂ ആര്‍ കോഡും അയച്ചുകൊടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.
വെള്ളിയാഴ്ച അങ്കിത്തിന്റെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ശനിയാഴ്ച അങ്കിത്ത് ബന്ധുവിനെ വിളിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതായി അറിയിച്ചത്. തുടര്‍ന്ന് 30000 രൂപ ഉടന്‍ തന്നെ കൈമാറാന്‍ ആവശ്യപ്പെട്ട് അച്ഛന് ക്യൂആര്‍ കോഡ് അയച്ചു കൊടുക്കുകയും ചെയ്തു. തുടക്കത്തില്‍ യഥാര്‍ഥമായും തട്ടിക്കൊണ്ടുപോയെന്നാണ് കരുതിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ പറയാതെ ഇതുവരെ മകന്‍ പുറത്തേയ്ക്ക് പോയിട്ടില്ല എന്ന മാതാപിതാക്കളുടെ മൊഴിയാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്താന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു.
വീട്ടില്‍ നിന്ന് ഇറങ്ങി സൂറത്തിലേക്കാണ് യുവാവ് പോയത്. വെള്ളിയാഴ്ച രാവിലെയാണ് മടങ്ങിയെത്തിയത്. തുടര്‍ന്നാണ് പിതാവിനെ ിളിച്ച് പണം ആവശ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു.
എന്നാല്‍, പിതാവ് പോലീസിനെ സമീപിക്കുമെന്ന് അങ്കിത്ത് കരുതിയിരുന്നില്ല. അങ്കിത്ത് പങ്കുവച്ച ക്യൂആര്‍ കോഡ് ഒരു കടയുടമയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കടയുടമയെ പോലീസ് ചോദ്യം ചെയ്തു. അങ്കിത്തിന്റെ കോള്‍ റെക്കോര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *