രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ്  ബി.ജെ. പിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന സംഘടന കെട്ടുറപ്പ് ഇത്രയേ ഉള്ളൂ അല്ലേ എന്ന അവസ്ഥയിലായത്.  ഇവിടെയൊക്കെ  ഇന്നോ നാളെയോ  മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിഞ്ഞാലും കലഹത്തിന്റെ മുറിവ് ഉണങ്ങാതെയുണ്ടാകും.

 
തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രി അധികാരമേറ്റെടുത്തിട്ട് ദിവസങ്ങളായി.  പക്ഷേ വിജയിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാകാതെ ബി.ജെ.പി കുഴങ്ങുകയാണ്.  ബി.ജെ.പിയുടെ ഈ അവസ്ഥക്ക് വലിയ പ്രചാരണമൊന്നും ഇന്ത്യയിൽ ലഭിക്കില്ല. കാരണം മാധ്യമങ്ങളെല്ലാം ഭരിക്കുന്ന പാർട്ടിയുടെ പിടിയിലാണ്. ഒരുപക്ഷേ ഈ കുറിപ്പ് അച്ചടിച്ച് വരുമ്പോൾ ബി.ജെ.പി അവരുടെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുമായിരിക്കും. അതൊന്നും പക്ഷേ ആ പാർട്ടി ചെന്നെത്തിയ അവസ്ഥക്ക് മാറ്റം വരുത്തില്ല. ഭരണ പാർട്ടിയായി എത്രയോ വർഷങ്ങൾ കഴിഞ്ഞായിരുന്നു കോൺഗ്രസിൽ ഇങ്ങനെയൊക്കെ സംഭവിച്ചത്. കോൺഗ്രസാകട്ടെ, ബി.ജെ.പിയെയും സി.പി.എമ്മിനെയും  പോലൊരു കാഡർ പാർട്ടിയുമല്ല. ആൾക്കൂട്ടമാണത്. എന്നിട്ടു പോലും തെലങ്കാനയിൽ രേവന്ത് റെഡി എന്ന യുവനേതാവ് അതിവേഗം അധികാരമേറ്റെടുത്തു, ഭരണവും തുടങ്ങി. ജനസമ്പർക്ക പരിപാടിയൊക്കെ ആരംഭിച്ചു.  ജനസമ്പർക്കത്തിന് ഉമ്മൻ ചാണ്ടി ടെച്ച്. ഉമ്മൻ ചാണ്ടി എന്ന   നേതാവ് വളരെ കുറച്ചു നാൾ  സംഘടന ചുമതലയുമായി തെലങ്കാനയിൽ ചെലവഴിച്ചതിന്റെ ഗുണഫലം. രേവന്ത് റെഡിയെ പോലൊരു ചെറുപ്പക്കാരൻ ഉമ്മൻ  ചാണ്ടിയിൽ നിന്ന് എന്തെല്ലാമോ അതിവേഗം പഠിച്ചെടുത്തു.   മറ്റൊരു സംഗതി ആരുമത്ര ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. അസ്ഹറുദ്ദീൻ ഉവൈസിയുടെ പാർട്ടിക്കാരനായ അക്ബറുദ്ദീൻ ഉവൈസിയെ   പ്രോടേം സ്പീക്കറാക്കിയാൽ തങ്ങൾ സത്യപ്രതിജ്ഞയെടുക്കില്ലെന്ന് സഭയിലെ ബി.ജെ.പി അംഗങ്ങൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാലതൊന്ന് കാണട്ടെ എന്ന നിലപാടായിരുന്നു ഇക്കാര്യത്തിൽ രേവന്ത് റെഡിക്കും സംഘത്തിനും. ഉറപ്പായും ഇവിടെ പോരാളിയായ രാഹുൽ ഗാന്ധിയുടെ നിലപാടായിരിക്കും രേവന്ത് സംഘത്തിന് കരുത്ത് പകർന്നിരിക്കുക.    രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ്  ബി.ജെ.പിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന സംഘടന കെട്ടുറപ്പ് ഇത്രയേ ഉള്ളൂ അല്ലേ എന്ന അവസ്ഥയിലായത്.  ഇവിടെയൊക്കെ  ഇന്നോ നാളെയോ  മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിഞ്ഞാലും കലഹത്തിന്റെ മുറിവ് ഉണങ്ങാതെയുണ്ടാകും.    തെലങ്കാനക്ക് പുറമെ  മിസോറമിലും മുഖ്യമന്ത്രി ഉൾപ്പെടെ 12 പേർ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു.
കോൺഗ്രസിൽ നിന്ന് ഭരണം പിടിച്ചെടുത്ത രാജസ്ഥാനിൽ സമ്മർദ നീക്കങ്ങൾ  ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും എല്ലാവർക്കും അറിയാമായിരുന്നു.  മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സമർദവുമായി ദൽഹിയിലെത്തിയിരുന്നു. രണ്ട് തവണ അവർ  രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു.   
രാജസ്ഥാനിലെ യോഗി എന്നറിയപ്പെടുന്ന തീവ്ര ഹിന്ദുത്വവാദി ബാലക്‌നാഥ്,  കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്,  മറ്റൊരു  കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, ദളിത് വിഭാഗത്തിൽ നിന്നുള്ള അർജുൻ റാം മേഘവാൾ എന്നീ  പേരുകളും ബി.ജെ.പി അവരുെട പരിഗണന ലിസ്റ്റിൽ വെട്ടിയും തിരുത്തിയും കളിക്കുന്നു.  തീരുമാനം എളുപ്പമല്ല.   199 സീറ്റിൽ 115 സീറ്റ് നേടിയാണ് ബി.ജെ.പി ജയിച്ചത്.  ബി.ജെ.പിയിലെ സംഘർഷം ഇത്ര ശക്തമാണെന്ന കാര്യം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വ്യക്തമായിരുന്നു. അതൊന്നും ഉപയോഗപ്പെടുത്താൻ കോൺഗ്രസിനാകാത്തതിന്റെ ഉത്തരം കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി തുറന്നു പറഞ്ഞിട്ടുണ്ട്- അശോക് ഗെഹലോട്ടിന്റെ മയമില്ലാത്ത സമീപനം. 
 മധ്യപ്രദേശിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന് താൽപര്യമില്ലാത്തയാളാണ്  ശിവ്രാജ് സിങ് ചൗഹാൻ. പക്ഷേ  സാധ്യത ചൗഹാന് തന്നെ.   പുതുമുഖത്തെ പരിഗണിച്ചാൽ ഉണ്ടാകുന്ന ഉരുൾ പൊട്ടൽ നേരിടാനുള്ള കരുത്ത് ബി.ജെ.പിക്കുണ്ടാകുമോ? കാത്തിരുന്ന് കാണാം.   നാലു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായയാളാണ്  ശിവരാജ് സിങ് ചൗഹാൻ. ചൗഹാനാണ്  വിജയ ശിൽപി എന്ന് സമ്മതിച്ചാൽ പിന്നെ മോഡി പ്രഭാവത്തിന് എന്തു വില?  ഇന്ത്യ ഭരിക്കുന്ന പാർട്ടി നേരിടുന്ന ആഴമുള്ള പ്രതിസന്ധിയാണ് ഈ ചോദ്യത്തിലുള്ളത്. മോഡിയല്ലാതെ മറ്റൊരാളോ … ആരവിടെ, മിണ്ടിപ്പോകരുത് എന്ന ശബ്ദം എവിടെ നിന്നൊക്കെയോ ഉയരുന്നതു പോലെ.  കേന്ദ്രമന്ത്ര ിമാരായ പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ, മുതിർന്ന നേതാവ് കൈലാഷ് വിജയവർഗിയ എന്നിവരാണ് മധ്യപ്രദേശിൽ പരിഗണന പട്ടികയിലുള്ള മറ്റു പേരുകൾ.    230 ൽ 163 സീറ്റുകളാണ് മധ്യപ്രദേശിൽ ബി.ജെ.പിക്ക് കിട്ടിയത്.  
ഛത്തീസ്ഗഢിലെ സർക്കാരിനെ നയിക്കാൻ മുൻ മുഖ്യമന്ത്രി രമൺ സിംഗ് മതിയോ അല്ലെങ്കിൽ പുതുമുഖങ്ങൾ വേണോ എന്നതാണ് ബി.ജെ.പിക്ക് മുന്നിലുയരുന്ന ചോദ്യം.  ഗോത്രവർഗ നേതാവും കേന്ദ്ര മന്ത്രിയുമായ രേണുക സിങ്, ഒ.പി ചൗധരി, മുൻ കേന്ദ്ര മന്ത്രി വിഷ്ണുദേവ് സായ് എന്നിവരാണ് ലിസ്റ്റിലുള്ള മറ്റുള്ളവർ.  90 അംഗ  നിയമസഭയിൽ 54 സീറ്റുകളിലായിരുന്നു  ബി.ജെ.പി വിജയം.
കോൺഗ്രസ് പരാജയപ്പെട്ടയിടങ്ങളിൽ നേതൃമാറ്റം ഉടൻ ഉണ്ടാകാൻ സാധ്യതയില്ല. കാരണം ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി. ഇനി തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുന്നതായിരിക്കും കോൺഗ്രസ് നയം. ഇക്കാര്യം കഴിഞ്ഞ ദിവസം രാജസ്ഥാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി സുഖ്‌വിന്ദർ സിങിനോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് രാജസ്ഥാനിലെ പ്രകടനം മോശമല്ലല്ലോ എന്നായിരുന്നു. സചിൻ പൈലറ്റിന്റെ സാന്നിധ്യത്തിലായിരുന്നു ഈ മറുപടി. ഛത്തീസ് ഗഢിൽ ഗോത്രവിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്.
തെരഞ്ഞെടുപ്പുകളെ  കാർഷിക വിളവെടുപ്പുകളോട് ഉപമിക്കാമെങ്കിൽ ഭരിക്കുന്ന പാർട്ടി അവരുടെ വിളവെടുപ്പിന്റെ പരമാവധിയിലെത്തിക്കഴിഞ്ഞു. കോൺഗ്രസിന് വിത്തിറക്കാനുള്ള മണ്ണ്  സജ്ജമാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലവും ഇന്ത്യൻ ജനതയോട് പറയാതെ പറയുന്നു. രാജസ്ഥാൻ മരുഭൂമിയിൽ രാത്രി  സഞ്ചരിക്കുമ്പോൾ അകലെ, അകലെ ജനവാസ ഇടങ്ങളിൽ നിന്ന് ഉച്ചഭാഷിണികളിൽ നാടൻ പാട്ടിന്റെ ഈണം കേൾക്കാമായിരുന്നു. ഇപ്പോഴും അങ്ങനെയാണോ എന്നറിയില്ല. ഇന്ത്യയിൽ ഭരണ മാറ്റത്തിന്റെ ഈ ണം അന്തരീക്ഷത്തിലുണ്ടെന്ന് ആരേക്കാൾ അറിയുന്നത് ഭരിക്കുന്ന പാർട്ടിക്കാണ്. അതുകൊണ്ട് അവർ ഏറ്റവും പുതിയ അടവുകളും മുഖ്യ എതിരാളിയായ കോൺഗ്രസിനെതിരെ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയൊരു ഘട്ടത്തിലാണ് ജയിച്ച സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞ വൈകിയത്. ഇതൊരു ചെറിയ കാര്യമല്ല-  ഭരിക്കുന്ന കക്ഷി നേരിടാൻ പോകുന്ന പ്രതിസന്ധികളുടെ ആഴം പറഞ്ഞു തരുന്ന അനുഭവമാണ്.  
2023 December 11Articlesകുഞ്ഞമ്മദ് വാണിമേൽ title_en: Telangana is unable to catch up with BJP states

By admin

Leave a Reply

Your email address will not be published. Required fields are marked *