കൊച്ചി: ക്രിസ്തുമസ് ദിനം ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ മാത്രം സിനഡ് കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് മാര്‍പാപ്പയുടെ കര്‍ശന നിര്‍ദേശം അട്ടിമറിക്കാനുള്ള എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്‍റെ തന്ത്രവും വത്തിക്കാന്‍ തള്ളി.
ഡിസംബര്‍ 25 -മുതല്‍ ഇനി സീറോ മലബാര്‍ സഭാ ദേവാലയങ്ങളില്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന മാത്രമേ പാടുള്ളു എന്ന ഉത്തരവില്‍ ഒരു ഇളവിനും സന്നദ്ധമല്ലെന്ന കര്‍ശന നിലപാടാണ് വത്തിക്കാന്‍ അഡിമിനിസ്ട്രേറ്ററെ അറിയിച്ചിരിക്കുന്നത്.
ഇതോടെ ഡിസംബര്‍ 25 -നു ശേഷം ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികര്‍ സഭയ്ക്ക് പുറത്തേയ്ക്ക് പോകേണ്ടി വരും എന്നുറപ്പായി. സിനഡ് കുര്‍ബാന അര്‍പ്പിക്കാത്ത ദേവാലയങ്ങള്‍ അടച്ചിടാനും ആ ഇടവകകള്‍ മരവിപ്പിക്കാനും വത്തിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.
എന്നാല്‍ മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ ഈ ഡിസംബര്‍ 25 -നും മറ്റു വിശേഷ ദിവസങ്ങളിലും സിനഡ് കുര്‍ബാന അര്‍പ്പിക്കാനും ബാക്കിയുള്ള ദിവസങ്ങളിലെല്ലാം ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാനുമായിരുന്നു വിമതരുടെ നീക്കം.
ഇത് അഡ്മിനിസ്ട്രേറ്ററുടെ മുമ്പിലും അവതരിപ്പിച്ചു. എന്നാല്‍ ഇതംഗീകരിക്കേണ്ടതില്ലെന്ന കടുത്ത നിലപാടു തന്നെയാണ് വത്തിക്കാന്‍ സഭാ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരമാണ് തിരുപ്പിറവി മുതല്‍ ഇനി സിനഡ് കുര്‍ബാന മാത്രമേ പാടുള്ളു എന്ന നിലപാട് ആവര്‍ത്തിച്ച് ഇന്ന് സീറോ മലബാര്‍ സഭ വീണ്ടും പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സിനഡ് കുര്‍ബാന അര്‍പ്പിക്കാത്ത ഇടവകകള്‍ മരവിപ്പിക്കുന്നത് വിശ്വാസികളെ ദോഷകരമായി ബാധിക്കും. വിവാഹം, മാമോദീസ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ പ്രധാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. ഇടവക വികാരിമാര്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കും എന്ന് കത്ത് നല്‍കിയാല്‍ മാത്രമേ പിന്നീട് ഇടവകകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളു.
ഇടവകയിലെ നാനൂറ് വൈദികരും ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാനേ കഴിയൂ എന്ന നിലപാട് സ്വീകരിച്ചാലും നടപടിയില്‍ നിന്നും വത്തിക്കാന്‍ പിന്നോക്കം പോകില്ല. അത്തരം വൈദികര്‍ ഇനി സഭയില്‍ വേണ്ടതില്ലെന്നാണ് വത്തിക്കാന്‍ നിലപാട്.
ഓമാര്‍പാപ്പയെ അനുസരിക്കാതെ വിമതര്‍ക്കൊപ്പം നില്‍ക്കുന്ന വിശ്വാസികള്‍ക്കും പുറത്തുപോകാം എന്നതാണ് വത്തിക്കാന്‍ നയം. ഇതോടെ ക്രിസ്തുമസിനു ശേഷം ഏതെങ്കിലും ഒരു ദിവസമെങ്കിലും ഇനി ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാം എന്ന വിമതരുടെ പ്രതീക്ഷ അസ്ഥാനത്താണ്.