തിരുവനന്തപുരം: പുതിയ തലമുറയുടെ ആശയങ്ങളെ അടുത്തറിയാൻ കിംസ്ഹെൽത്ത് ക്യാൻസർ സെന്റർ, ‘ഫൈറ്റ് എഗൈൻസ്റ് ക്യാൻസർ ടുഗെതർ’ (ഫാക്ട്) എന്ന പേരിൽ സംഘടിപ്പിച്ച ക്യാൻസർ പ്രതിരോധ ക്യാമ്പയിനിൽ നൂതന ആശയങ്ങളവതരിപ്പിച്ച് തലസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ‘ഫാക്ടിൽ’ വഴുതക്കാട് ചിന്മയ വിദ്യാലയ സ്കൂൾ ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും എവറോളിംഗ്‌ ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ കാട്ടാക്കട ചിന്മയ വിദ്യാലയ 50,000 രൂപയും മൂന്നാം സ്ഥാനം നേടിയ അബ്ദുൽ സലാം റാഫി റെസിഡെൻഷ്യൽ സ്കൂൾ 25,000 രൂപയും സമ്മാനമായി നേടി. കിംസ്ഹെൽത്തിൽ വച്ച് നടന്ന ചടങ്ങിൽ കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള സമ്മാനദാനം നിർവഹിച്ചു. 
ഒരു മാസത്തോളം നീണ്ടുനിന്ന ക്യാമ്പയിനിൽ ക്യാൻസർ പ്രതിരോധവും നേരത്തെയുള്ള രോഗനിർണയവുമായി ബന്ധപ്പെട്ട് 15 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പ്രൊജക്ടുകൾ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാനും ബോഡി മാസ്സ് ഇൻഡക്സ് വിലയിരുത്താനും സഹായിക്കുന്ന  മൊബൈൽ അപ്ലിക്കേഷൻ, ബോധവൽക്കരണത്തിനായി സാമൂഹികമാധ്യമങ്ങളുപയോഗിച്ചുള്ള നൂതന കമ്മ്യുണിക്കേഷൻ മോഡലുകൾ തുടങ്ങി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള വ്യത്യസ്ത ആശയങ്ങളാണ് ക്യാമ്പയിനിൽ വിദ്യാർത്ഥികൾ പങ്കുവച്ചത്. 
വരും വർഷങ്ങളിൽ കൂടുതൽ സ്കൂളുകളിലേക്ക് ക്യാമ്പയിൻ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കിംസ്ഹെൽത്ത് ക്യാൻസർ സെന്റർ. വിദ്യാർത്ഥികളിൽ ചെറുപ്പം മുതലെ നൂതന ആശയങ്ങൾ വളർത്തിയെടുക്കാനും മിഥ്യാധാരണകളെ ലഘൂകരിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ഇതിനായി സാമൂഹിക മാധ്യമങ്ങളുടെ ശക്തി പ്രയോജനപ്പെടുത്താനുമാണ് ഇത്തരമൊരു ആശയം കിംസ്ഹെൽത്ത് മുന്നോട്ട് വെയ്ക്കുന്നതെന്ന് ഡോ. എം.ഐ സഹദുള്ള ചടങ്ങിൽ പറഞ്ഞു.
ഫാമിലി മെഡിസിൻ, എമർജൻസി മെഡിസിൻ ആൻഡ് ഫാർമസി സർവീസസ് ഡയറക്ടർ ഡോ. സുഹ്റ പി.എം, കിംസ്ഹെൽത്ത് ക്യാൻസർ സെന്റർ ആൻഡ് സിഎസ്ആർ, സിഇഓ രശ്മി അയിഷ, ക്ലിനിക്കൽ ഡയറക്ടർ ഡോ. ബി രാജൻ, സിഇഒ ജെറി ഫിലിപ്പ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed