തിരുവനന്തപുരം: എസ്എഫ്ഐയുടെ കരിങ്കൊടി സമരത്തിനെതിരെ കാറിനു പുറത്തിറങ്ങി ഗവര്‍ണര്‍ രൂക്ഷമായി പ്രതികരിച്ചത് അസാധാരണ സംഭവം.
രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയും വാഹന വ്യൂഹം വേഗത കുറച്ചപ്പോള്‍ ഗവര്‍ണറുടെ കാറില്‍ ഇടിക്കുകയും ചെയ്തത്. ഉടന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്തിറങ്ങി അതിരൂക്ഷമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
തനിക്കെതിരെ മുഖ്യമന്ത്രി തന്നെ ഗൂഢാലോചന നടത്തുകയാണെന്നും തലസ്ഥാനത്ത് ഗുണ്ടകളെ റോഡിലിറക്കി തനിക്കെതിരെ അപായ ഭീഷണി ഉയര്‍ത്തുകയാണെന്നും അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. പോലീസിനെതിരെയും സംസ്ഥാന ഭരണകൂടത്തിനെതിരെയും ഭരണത്തലവന്‍ കൂടിയായ ഗവര്‍ണര്‍ ആഞ്ഞടിച്ചു.
ഇങ്ങനെയെങ്കില്‍ തനിക്ക് എന്ത് സുരക്ഷയാണെന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. മുഖ്യമന്ത്രിയാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്നും ഗവര്‍ണര്‍ ചോദിച്ചു. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.
ഗവര്‍ണറെ കരിങ്കൊടി കാണിച്ച് മാധ്യമ ശ്രദ്ധ നേടാന്‍ ശ്രമിച്ച എസ്എഫ്ഐയുടെ നീക്കത്തിന് കനത്ത തിരിച്ചടിയായി മാറി ഗവര്‍ണറുടെ അപ്രതീക്ഷിതവും അസാധാരണവുമായ നീക്കം. ഇതോടെ എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താ കേന്ദ്രമായി ഗവര്‍ണര്‍ മാറി.
ഗവര്‍ണറുടെ രൂക്ഷമായ പ്രതികരണം മാധ്യമങ്ങള്‍ മുഴുവന്‍ ബ്രേയ്ക്കിംങ്ങ് ന്യൂസാക്കി മാറ്റി. ഇതോടെ സമരം ചെയ്ത് അതിലൂടെ നേട്ടമുണ്ടാക്കാനുള്ള എസ്എഫ്ഐ നീക്കമാണ് പാളിയത്.
തന്നെ കായികമായി നേരിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന നിലയില്‍ ഗവര്‍ണര്‍ രൂക്ഷമായി പ്രതികരിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതോടെ നവകേരള യാത്രയിലായ മുഖ്യമന്ത്രിയും പോലീസും മറുപടി പറയേണ്ട സ്ഥിതിയിലായിരിക്കുകയാണ്. തെരുവിലെങ്കില്‍ തെരുവില്‍ തന്നെ കാണാം എന്ന നിലയിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.