തിരുവനന്തപുരം: കേരളത്തിലെ മലയോര മേഖലയാകെ വന്യജീവി ആക്രമണ ഭീതിയിലാണ്. വനാതിർത്തിയില്ലാത്ത ആലപ്പുഴ ജില്ല മാത്രമാണ് വന്യജീവി ആക്രമണ ഭീതിയിൽ നിന്ന് മുക്തമായിട്ടുള്ളത്. വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കടുവ ആക്രമിച്ച് കൊന്ന് ഭക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്.
വന്യജീവികൾ നാട്ടിലിറങ്ങി ജനജീവിതത്തിന് ഭീഷണിയാകുന്നതിന് പിന്നിൽ കാട്ടിൽ ഭക്ഷണം കുറയുന്നതാണെന്ന് വനംവകുപ്പിന്റെയും മലയോരവാസികളുടെയും വിലയിരുത്തൽ. വന്യജീവികൾക്ക് ആവശ്യത്തിന് ഭക്ഷണം കാട്ടിൽ ഒരുക്കാനായി പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ കൃഷി കാട്ടിൽ വ്യാപകമായി നടത്താൻ വനംവകുപ്പ് പദ്ധതിയിട്ടിരുന്നതാണെങ്കിലും ഗുണംകണ്ടില്ല.
വന്യജീവി ആക്രമണം ഏറ്റവും കൂടുതൽ രൂക്ഷമായ ജില്ല വയനാട് ആണ്. പാലക്കാട്, കണ്ണൂർ, തൃശ്ശൂർ, കൊല്ലം ജില്ലകളിലും വന്യജീവി ആക്രമണവും മനുഷ്യ- വന്യജീവി സംഘർഷവും അതിരൂക്ഷമെന്നാണ് കണക്കുകൾ കാണിക്കുന്നത്.
വയനാട്ടിൽ എട്ടുവർഷത്തിനിടെ ഏഴുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം രണ്ട് മനുഷ്യ ജീവനുകൾ കടുവയുടെ ആക്രമണത്തിൽ പൊലിഞ്ഞു. ഇന്നലെയാണ് ഒടുവിലായി വാകേരി സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
2015 മുതലുണ്ടായ കടുവ ആക്രമണത്തിന്റെ കണക്കുകൾ മാത്രമാണ് വനംവകുപ്പിലുള്ളത്. 2015ൽ വയനാട്ടിൽ മൂന്ന് പേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2019 ൽ ഒരാളും 2020 ൽ മറ്റൊരു കടുവ ആക്രമണവും ഉണ്ടായി.
2023ലാകട്ടെ കടുവ രണ്ടുപേരെ കൊന്നു. ഈ രണ്ടു സംഭവവും വനത്തിന് പുറത്താണ് സംഭവിച്ചത്. ഈ വർഷം ജനുവരിയിലാണ് പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസിനെ കടുവ ആക്രമിച്ചത്.കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ വാകേരി സ്വദേശി പ്രജീഷും മരണപ്പെട്ടു.
മഞ്ഞക്കൊന്ന അടക്കമുള്ള അധിനിവേശ സസ്യങ്ങൾ കാട്ടിൽ വ്യാപകമായതോടെ പുല്ലു വർഗത്തിലുള്ള സസ്യങ്ങളുടെ കുറവ് ഉണ്ടാകുന്നുണ്ട്. ഇക്കാരണത്താൽ സസ്യഭുക്കുകളായ മൃഗങ്ങൾ വനത്തിൽ നിന്ന് പുറത്തിറങ്ങുകയാണെന്നാണ് വനംവകുപ്പിന്റെയും വന്യജീവി സംരക്ഷകരുടെയും വിലയിരുത്തൽ.
ഇവയുടെ സാന്നിദ്ധ്യം കാടുകളിൽ കുറയുന്നതോടെ ഇരതേടി കടുവകളും നാട്ടിലേക്ക് ഇറങ്ങുകയാണ്. കാട്ടിൽ തേക്ക് പ്ലാന്റേഷനുകൾ കൂടിയതും ഈ പ്രശ്നത്തിന് കാരണമാണ്. അടുത്തടുത്ത് തേക്ക് വൃക്ഷങ്ങൾ വളർന്ന് പന്തലിച്ചതോടെ അടിക്കാടും പുല്ലിന്റെ ലഭ്യതയും കുറഞ്ഞു. ഇതോടെയാണ് ഇരതേടി വന്യജീവികൾ കാട്ടിലിറങ്ങിത്തുടങ്ങിയത്.
ഒരു കടുവയുടെ ആവാസ വ്യവസ്ഥയ്ക്ക് 25 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് വേണ്ടത്. എണ്ണം പെരുകുന്നതോടെ ഇതു ചുരുങ്ങും. കടുവകൾ പരസ്‌പരം ആവാസ വ്യവസ്ഥയിൽ കടന്നുകയറുന്നതോടെ തമ്മിൽ ആക്രമിക്കുകയും അംഗഭംഗം ഉണ്ടാകുകയും ചെയ്യും. ചിലതിന്റെ കോമ്പല്ല് ഒടിയാറുണ്ട്. അതോടെ ഇരപിടിക്കാനുള്ള ശേഷി നഷ്ടപ്പെടും.
വനാതിർത്തിയിൽ പശുക്കളെയും ആടുകളെയും കാണുന്നതോടെ കാട്ടിലേക്ക് മടങ്ങില്ല. വനം വകുപ്പ് പിടികൂടിയ, നാട്ടിലിറങ്ങിയ കടുവകളെല്ലാം അംഗഭംഗം ഉള്ളവയാണ്. ഈ വർഷം ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിൽ നടത്തിയ കടുവകളുടെ കണക്കെടുപ്പിൽ 84 കടുവകൾ ഉണ്ടെന്നാണ് കണ്ടെത്തിയത്.
ഇതിൽ 69 എണ്ണം വയനാട് വന്യജീവി സങ്കേതത്തിൽ നിന്നും 8 എണ്ണം നോർത്ത് വയനാട് ഡിവിഷനിൽ നിന്നും 7 എണ്ണം സൗത്ത് വയനാട് ഡിവിഷനിൽ നിന്നുമാണ്. ഇതിൽ 29 ആൺ കടുവകളെയും 47 പെൺ കടുവകളെയും തിരിച്ചറിഞ്ഞിട്ടുണ്ട് . 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചായിരുന്നു പഠനം നടത്തിയത്.
വനവിസ്തൃതി കുറഞ്ഞതും വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഇവക്കാവശ്യമായ വിഭവങ്ങള്‍ കുറഞ്ഞതുമാണ് വന്യമൃഗശല്യത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍. കടുവകള്‍ നാട്ടിലിറങ്ങുന്നത് കാട് ശോഷിക്കുന്നുവെന്നതിന്റെ സൂചനയാണ്.
വയനാടിന്റെ ഭൂപ്രകൃതിയിലെ പ്രത്യേകതയും ഇതിന് കാരണമാണ്. കാടും നാടും തമ്മില്‍ വേര്‍ത്തിരിക്കാന്‍ സാധിക്കാത്ത വിധം ഇഴചേര്‍ന്ന് കിടക്കുകയാണ് വയനാട്. ഒരിക്കലും അവസാനിക്കാത്ത മനുഷ്യ-വന്യമൃഗ സംഘര്‍ഷമാണ് ഈ ഇഴചേരലിന്റെ ആകെത്തുക. കാട്ടുപന്നിയും ആനയും കടുവയും മാത്രമല്ല, കുരങ്ങും മാനും മയിലും വരെ മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥയാണിപ്പോൾ.
മഞ്ഞക്കൊന്ന അടക്കമുള്ള അധിനിവേശ സസ്യങ്ങൾ കാട്ടിൽ വ്യാപകമായതോടെ ഈറ്റയും മുളയും പോലുള്ള പുല്ല് വർഗ സസ്യങ്ങൾ വളരെ കുറഞ്ഞു. ഇതോടെ ആനയെ പോലുള്ള സസ്യഭുക്ക് ജീവികൾക്ക് ഭക്ഷണം കുറഞ്ഞു. ഇതാണ് ഇവ കാടിറങ്ങി നാട്ടിൽ എത്താൻ കാരണം. വനാതിർത്തി മേഖലയിൽ ഭക്ഷ്യ യോഗ്യമായ കാർഷിക വിളകളുള്ളതിനാൽ ഇവയുടെ കാടിറക്കം തുടരുകയാണ്.
കടുവകൾ ഭക്ഷണമാക്കുന്ന ജീവികൾ ഭക്ഷണം തേടി നാട്ടിലിറങ്ങുന്നതോടെ അവയുടെ പിന്നാലെ കടുവകളും കാടിറങ്ങുന്നു. മുമ്പൊക്കെ വനാതിർത്തികളിൽ ഇഞ്ചി, മഞ്ഞൾ, കോലിഞ്ചി, പുളിയിഞ്ചി തുടങ്ങിയ വിളകളായിരുന്നു കൃഷി.
കാടിറങ്ങുന്ന ജീവികൾ ഇവ ഭക്ഷിക്കാതെ മടങ്ങും. ഇപ്പോൾ വാഴയും ചേനയും കപ്പയുമൊക്കെയാണ് കൃഷി. ഇവ ഭക്ഷിക്കാൻ എത്തുന്ന കാട്ടാനകളും കാട്ടുപന്നികളും മടങ്ങാറില്ല.