തിരുവനന്തപുരം: ക്രിസ്തുമസ്, നവവത്സര ആഘോഷക്കാലം ലാക്കാക്കി അവശ്യസാധനങ്ങളുടെ വില വൻതോതിൽ കുതിച്ചുയരുന്നു. പലവ്യജ്ഞനം, പച്ചക്കറി, പഴങ്ങൾ എന്നിവയ്ക്കെല്ലാം വിലയേറുകയാണ്. വിലക്കയറ്റം പിടിച്ചുനിർത്താൻ സിവിൽസപ്ലൈസ് കോർപറേഷനടക്കം സർക്കാർ ഏജൻസികൾക്ക് കാര്യമായൊന്നും ചെയ്യാനുമാവുന്നില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം. ക്രിസ്തുമസ്, നവവത്സരക്കാലത്ത് സാധാരണ എല്ലാ ജില്ലകളിലും നടത്താറുള്ള വ്യാപാരമേളകൾ ഇത്തവണ നടത്താനാവുമോ എന്ന ആശങ്കയിലാണ് സിവിൽ സപ്ലൈസ് കോർപറേഷൻ.
അവശ്യസാധനങ്ങൾ സംഭരിച്ചതിന്റെയും നെല്ല് സംഭരണത്തിന്റെയും ആയിരം കോടിയിലേറെ രൂപ സപ്ലൈക്കോയ്ക്ക് സർക്കാർ നൽകാനുണ്ട്. സർക്കാർ അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ സപ്ളൈകോയ്ക്ക്ക്രിസ്മസ്- പുതുവത്സര ഫെയറുകൾ തുടങ്ങാൻ കഴിയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
വിലക്കയറ്റം പിടിച്ചുനിർത്താൻ പലപ്പോഴായി വിപണിയിൽ ഇടപെട്ടതിന്റെ പണമാണ് സപ്ലൈക്കോയ്ക്ക് കിട്ടാനുള്ളത്. സിവിൽ സപ്ലെസ് കോർപറേഷൻ അവശ്യസാധനങ്ങൾ നേരിട്ട് വാങ്ങിയതിന്റെ 1000കോടിയും ധാന്യങ്ങൾ സമാഹരിച്ചതിന്റെ 4000 കോടിയും കുടിശികയുണ്ട്. കുടിശികയായി കോടികൾ കിട്ടാനുള്ളതിനാൽ വിതരണ കമ്പനികൾ കൂട്ടത്തോടെ സപ്ളൈകോയുടെ ടെൻഡർ ബഹിഷ്കരിച്ചിരിക്കുകയാണ്.
ക്രിസ്തുമസ്, പുതുവത്സര വ്യാപാരമേളകൾക്കായുള്ള സപ്ലൈക്കോയുടെ ടെൻഡറിൽ പങ്കെടുത്തത് നാലു കമ്പനികൾ മാത്രം. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗരേഖയും സംസ്ഥാന സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലും പ്രകാരം നിശ്ചിത എണ്ണത്തിൽ കൂടുതൽ കമ്പനികൾ പങ്കെടുത്തില്ലെങ്കിൽ ടെൻഡർ നൽകാനാവില്ല.
എല്ലാവർഷവും എൺപതിലേറെ കമ്പനികൾ പങ്കെടുക്കാറുള്ളതാണ് ഇത്തവണ നാലായി ചുരുങ്ങിയത്. ക്രിസ്തുമസിന് കഷ്ടിച്ച് രണ്ടാഴ്ച മാത്രമേയുള്ളു. അതിന് ഒരാഴ്ച മുമ്പെങ്കിലും തുടങ്ങിയില്ലെങ്കിൽ സർക്കാരിന് നാണക്കേടാവും. സബ്സിഡി സാധനങ്ങളായ മുളക്, ഉഴുന്ന്, ജയ അരി എന്നിവയ്ക്ക് ടെൻഡർ സമർപ്പിച്ചിരിക്കുന്നത് രണ്ട് കമ്പനികൾ മാത്രം.
ചെറുപയറിന് മാത്രമാണ് മൂന്നു കമ്പനികൾ ടെൻഡർ നൽകിയത്. പങ്കെടുത്ത കമ്പനികളെല്ലാം ആവശ്യപ്പെടുന്നത് കഴിഞ്ഞ തവണത്തേക്കാൾ കൂടിയ വിലയാണ്. വീണ്ടും ടെൻഡർ ക്ഷണിച്ചാലും കൂടുതൽ വിതരണക്കാർ പങ്കെടുക്കാൻ സാധ്യതയല്ല. ഉൽപ്പാദന കേന്ദ്രങ്ങളിൽ ചെന്ന് നേരിട്ട് വാങ്ങാനും സപ്ലൈകോയ്ക്ക് കഴിയില്ല.
സർക്കാരിന്റെ അടിയന്തര സഹായമില്ലെങ്കിൽ ഇത്തവണത്തെ ക്രിസ്തുമസ്, പുതുവത്സര ചന്തകൾ തുടങ്ങാനാവില്ല. വിപണി ഇടപടലിന് 500 കോടി രൂപ അനുവദിക്കാൻ ഭക്ഷ്യവകുപ്പ് ധനവകുപ്പിന് കഴിഞ്ഞ മാസം കത്ത് നൽകിയിരുന്നതാണെങ്കിലും സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം തുടർനടപടികളുണ്ടായില്ല.
ഓണച്ചന്തകളിലേക്ക് സാധനങ്ങൾ നൽകിയ കരാറുകാർക്ക് ഇതുവരെ പണം നൽകിയിട്ടില്ല. വിപണി ഇടപെടലിൽ മാത്രം 1525 കോടിരൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വീണ്ടും തേടിയിരിക്കുകയാണ് മന്ത്രി ജി.ആർ. അനിൽ.