കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ വടകര സ്വദേശി ഷെബിനയെ ഭർത്താവിന്റെ ബന്ധുക്കൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷെബിനയുടെ ഭർത്താവ് ഹബീബിന്റെ ഉമ്മയും പെങ്ങളും യുവതിയെ മർദിച്ചിരുന്നതായി നേരത്തേ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തെത്തിയിരിക്കുന്നത്. വലിയ രീതിയിലുള്ള പീഡനങ്ങൾ ഷെബിന ഭർതൃവീട്ടിൽ സഹിച്ചിരുന്നതായാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 
2010ലായിരുന്നു ഷെബിനയും ഹബീബും തമ്മിലുള്ള വിവാഹം. ഇക്കാലയളവിനിടെ ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് നിരവധി തവണ ഷെബിന വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. ശാരീരികവും മാനസികവുമായ പീഡനം സഹിക്കാന്‍ വയ്യെന്ന് ഷബീന പലവട്ടം വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ആരും കാര്യമായെടുത്തില്ലെന്ന് പൊലീസ് പറയുന്നു. ഷബീന ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് തടയാന്‍ ഭര്‍തൃപിതാവ് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും നിരന്തരം ഉപദ്രവിച്ചുവെന്നും ഇതില്‍ മനംനൊന്താണ് ഷബീന ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 
വിദേശത്ത് ജോലിയുള്ള ഹബീബ് വീട്ടിലേക്ക് വരുന്നതിന് തലേന്നാണ് ഷെബിന ജീവനൊടുക്കിയത്. അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നതും. ഷെബിന മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷമാണ് ഭർതൃവീട്ടുകാർ വിവരം അറിയിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. ജീവനൊടുക്കാനുള്ള മാനസികാവസ്ഥയിലായിട്ടും യുവതിക്ക് വേണ്ട സഹായം നൽകാൻ ഇവർ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരിച്ച ശേഷം ഷെബിനയ്ക്ക് ജീവനുണ്ടോയെന്ന് ഹബീബിന്റെ പിതാവും സഹോദരനും ടോർച്ചടിച്ച് നോക്കുന്ന ദൃശ്യങ്ങളും കൈവശമുണ്ടെന്നാണ് ബന്ധുക്കളുടെ അറിയിച്ചിരിക്കുന്നത്.
പീഡനം അസഹ്യമായതോടെ ഭർത്താവുമൊത്ത് മാറിത്താമസിക്കാൻ ഷെബിന തീരുമാനിച്ചിരുന്നെങ്കിലും ഷെബിനയുടെ സ്വർണമുൾപ്പടെ തിരികെ നൽകാൻ ഹബീബിന്റെ ഉമ്മയും സഹോദരിയും തയ്യാറായില്ല. ഇത് ചോദിച്ചപ്പോഴും രൂക്ഷമായി അധിക്ഷേപിച്ചതായി ബന്ധുക്കൾ പറയുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *