ഡല്‍ഹി; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിന് ശേഷം രാജി സമര്‍പ്പിച്ച ബിജെപി എംപിമാരോട് 30 ദിവസത്തിനകം ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് പട്ടേലും  ഉള്‍പ്പെടെ ഒമ്പത് ലോക്‌സഭാ എംപിമാരാണ് രാജിവെച്ചത്. ഇവരുടെ രാജിക്കത്ത് സ്വീകരിച്ചതായി വ്യാഴാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചിരുന്നു. രാകേഷ് സിംഗ്, ഉദ്യ പ്രതാപ് സിംഗ്, മധ്യപ്രദേശില്‍ നിന്നുള്ള റിതി പഥക്, രാജസ്ഥാനില്‍ നിന്നുള്ള ദിയാ കുമാരി, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ഛത്തീസ്ഗഡില്‍ നിന്നുള്ള ഗോമതി സായ്, അരുണ്‍ സാവോ എന്നിവരാണ് രാജിവെച്ച മറ്റ് ലോക്‌സഭാ എംപിമാര്‍. കൂടാതെ രാജ്യസഭാ എംപി കിരോഡി ലാല്‍ മീണയും രാജിവച്ചു.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, കൃഷി മന്ത്രാലയത്തിന്റെയും കര്‍ഷക ക്ഷേമത്തിന്റെയും അധിക ചുമതല രാഷ്ട്രപതി ദ്രൗപതി മുര്‍മു മുണ്ടയ്ക്ക് നല്‍കി, അതേസമയം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് ജലശക്തിയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്. കേന്ദ്ര കൃഷി സഹമന്ത്രിയായ ശോഭ കരന്ദ്‌ലാജെയ്ക്ക് ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയുടെ ചുമതലയും നല്‍കി. ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറിന് ആദിവാസികാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. 
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പുതിയ പരീക്ഷണമാണ് നടത്തിയത്. ലോക്സഭാ എംപിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. നാല് സംസ്ഥാനങ്ങളിലായി 21 എംപിമാരെയാണ് ബിജെപി മത്സരിപ്പിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലും 7 വീതവും ഛത്തീസ്ഗഡില്‍ 4 ഉം തെലങ്കാനയില്‍ 3 ഉം എംപിമാര്‍ വീതവും മത്സരിച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, ഫഗ്ഗന്‍ സിംഗ് കുലസ്തെ എന്നിവരും ഈ എംപിമാരില്‍ ഉള്‍പ്പെടുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന എംപിമാര്‍ അടുത്ത 14 ദിവസത്തിനുള്ളില്‍ തങ്ങളുടെ ഒരു സീറ്റ് വിട്ടുനല്‍കേണ്ടിവരുമെന്നാണ് ചട്ടം. 14 ദിവസത്തിനകം ഒരു സീറ്റ് വിട്ടുനല്‍കിയില്ലെങ്കില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടേണ്ടി വരുമെന്ന് ഭരണഘടനാ വിദഗ്ധനും ലോക്സഭാ മുന്‍ സെക്രട്ടറി ജനറലുമായ പിഡിടി ആചാരി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *