തൃശൂര്‍: സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന് പറയുന്ന ആളോട് താന്‍ പോടോ എന്ന് പറയുന്ന കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അത് നമ്മുടെ സമൂഹത്തിന്റെ പൊതുബോധമായി മാറണം. ആ കുട്ടിക്ക് അതിനനുസരിച്ചുള്ള പിന്തുണ രക്ഷിതാക്കള്‍ നല്‍കണം. യുവ ഡോക്ടറുടെ ആത്മഹത്യ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ഇതില്‍ നിയമപരമായി ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്നത്തെ പൊതുസമൂഹത്തില്‍ മിശ്രവിവാഹം തടയാന്‍ ആര്‍ക്കും കഴിയില്ല. ധാരാളം വിവാഹം അത്തരത്തില്‍ നടക്കുന്നുണ്ട്. മിശ്രവിവാഹ ബ്യൂറോ നടത്തുന്ന സംഘടനയല്ല ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും.
ഇഷ്ടമുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും വിവാഹം ചെയ്യുന്നത് ആര്‍ക്കും തടയാനാവില്ല. അത് തടഞ്ഞ് കളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അതൊന്നും സാധിക്കുന്ന കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2022 ജൂണ്‍ മൂന്നിന്റെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ മോഡിഫിക്കേഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ എടുത്ത് പറഞ്ഞുകൊണ്ട് ജനവാസമേഖലകള്‍ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച ആവശ്യം.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടി അനുവദിച്ചിരിക്കുന്നു. ബഫര്‍സോണ്‍ പ്രദേശങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങള്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമര്‍പ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങള്‍ക്കും അന്തിമവിജ്ഞാപനങ്ങള്‍ക്കും ഒരു കി.മീ പരിധി വേണമെന്ന വിധി ബാധകമല്ല എന്ന് സുപ്രീം കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നെന്നും പിണറായി പറഞ്ഞു.