കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ മറുപടി വാദം ഇന്ന് സിംഗിള്‍ ബെഞ്ച് കേള്‍ക്കും. ജാമ്യം റദ്ദാക്കണമെന്ന കീഴ്‌ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കുന്നത് പരിശോധിക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ റദ്ദാക്കാനാകുമോ എന്ന് ഹൈക്കോടതി പരിശോധിക്കും. പരാമര്‍ശങ്ങള്‍ മാത്രം നീക്കിയാല്‍ പോരെന്നും സെഷന്‍സ് കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സ്വീകരിച്ച നിലപാട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിരീക്ഷണം.
ഇത് കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രൊസിക്യൂഷന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധിയും ഇന്ന് ഉണ്ടാകും. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് വിധി പറയുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നാണ് അതിജീവിതയുടെ പ്രധാന വാദം. അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പരിശോധക്കപ്പെട്ടെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്.
മെമ്മറി കാര്‍ഡ് മൂന്ന് കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് രാത്രികളില്‍ മൂന്ന് തവണ പരിശോധിക്കപ്പെട്ടു. പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി അന്വേഷണ ആവശ്യമുയര്‍ത്തിയത്. ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പരിശോധനയില്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയെന്ന് കണ്ടെത്തി. അതായത് ദൃശ്യങ്ങള്‍ പരിശോധിക്കപ്പെട്ടു. അതും മൂന്ന് തവണ. തുടര്‍ന്ന് കോടതിയുടെ പരിഗണനയിലിരിക്കെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിക്ക് മുന്നിലെത്തി.
ഒരു വര്‍ഷത്തിനിടെ വിശദമായ വാദം കേട്ടു. മെമ്മറി കാര്‍ഡ് പരിശോധിച്ചത് മൗലികാവകാശമായ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിന്റെ വാദം. അന്വേഷണാവശ്യം കോടതിക്ക് പരിഗണിക്കാതിരിക്കാനാവില്ല. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണം. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മോഷണക്കുറ്റം ചുമത്തണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ആയിരുന്നു അതിജീവിതയുടെ വാദം.