ഫാ. തോമസ് മറ്റമുണ്ടയില്‍
ഇന്‍ഫാമിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന ആന്റണി കൊഴുവനാല്‍ അച്ചനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്ന ചിന്ത സമഗ്ര വിമോചനത്തിന്റെ സന്ദേശവുമായി മൂന്നു പതിറ്റാണ്ട് ഈ ഭൂമിയില്‍ ജീവിച്ച ദൈവപുത്രനായ ഈശോയെക്കുറിച്ച് പറയപ്പെടുന്ന വാക്കുകള്‍ തന്നെയാണ്. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ പൗരോഹിത്യം എന്ന കൂദാശ സ്വീകരിച്ച് കര്‍മ്മപഥത്തിലേക്ക് ഇറങ്ങിയ കൊഴുവനാല്‍ അച്ചന്‍ തന്റെ ചുറ്റുപാടും വന്നുചേര്‍ന്ന ജനത്തിന്റെ സമഗ്ര വികസനത്തിനായി ത്യാഗപൂര്‍ണമായ തന്റെ ജീവിത ബലി പൂര്‍ത്തിയാക്കി.
അവശരും ആര്‍ത്തരുമായ കര്‍ഷകരില്‍ കര്‍ത്താവിനെ കണ്ടെത്തിയ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. തന്നോടൊപ്പം സഞ്ചരിച്ച കര്‍ഷകരുടെ നോവുകളും നൊമ്പരങ്ങളും ഹൃദയത്തില്‍ ഒപ്പിയെടുത്ത് സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും തൈലം പുരട്ടിയ ഒരു നല്ല ഭിഷഗ്വരന്‍.മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ കണ്ണീരൊടുങ്ങാത്ത ജീവിതങ്ങളുമായുള്ള ബന്ധമാണ് കര്‍ഷകരുടെ നിലനില്‍പ്പിനുള്ള ശബ്ദമാകാന്‍ ഫാ. ആന്റണി കൊഴുവനാലിന് പ്രേരകമായത്. മധ്യതിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തില്‍ നിന്നും വന്ന കൊഴുവനാല്‍ അച്ചന്‍ 1990 കളില്‍ ഉണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ ഉണ്ടായ വമ്പന്‍ തിരിച്ചടിയും ചെറുകിട കര്‍ഷകരുടെ ജീവിതങ്ങളെ നിലംപരിശാക്കുമെന്ന് മനസ്സിലാക്കിയപ്പോള്‍ കര്‍ഷകരക്ഷയ്ക്കായി മുന്നിട്ടിറങ്ങി. അങ്ങനെയാണ് മലബാറിലെ കൂരാച്ചുണ്ടില്‍ തുടക്കമിട്ട പാമോയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് കൊഴുവനാല്‍ അച്ചന്‍ നേതൃത്വം നല്‍കിയത്.
നാളികേരത്തിന്റെ വിലത്തകര്‍ച്ച മൂലം പ്രതിസന്ധിയിലായ മലബാറിലെ ചെറുകിട കേര കര്‍ഷകര്‍ക്ക് ഇരുട്ടടി പോലെ പാമോയിലിന് സര്‍ക്കാര്‍ ഉദാരമായി ഇറക്കുമതിക്ക് അനുമതി നല്‍കിയപ്പോള്‍ പാമോയില്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കൊഴുവനാല്‍ അച്ചന്‍ മുന്നിട്ടിറങ്ങി. കര്‍ഷകര്‍ക്ക് ഉത്തര കേരളത്തിലെ സംഘടിത ശക്തിയായി മാറുവാന്‍, ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യ വര്‍ദ്ധനവ് വരുത്തുവാന്‍ കൊഴുവനാല്‍ അച്ചന്‍ മാര്‍ഗ ദീപവും പ്രചോദനവുമായി.
ദക്ഷിണ കേരളത്തിലെ ചെറുകിട നാമ മാത്ര കര്‍ഷകരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇന്‍ഫാം എന്ന കര്‍ഷക പ്രസ്ഥാനത്തിന് രൂപം നല്‍കിയ ഫാ. മാത്യു വടക്കേമുറിയുമായുള്ള സൗഹൃദം കൊഴുവനാല്‍ അച്ചനെ ഇന്‍ഫാമിലേക്ക് ആകര്‍ഷിച്ചു. കാര്‍ഷിക മേഖലയുടെ പുനര്‍ജീവനത്തിനും കര്‍ഷക സുരക്ഷയ്ക്കുമായുള്ള ഇരുവരുടെയും ഇരവ് പകലാക്കിയുള്ള കൂട്ടായ യജ്ഞം മധ്യകേരളത്തില്‍ ഉദയം ചെയ്ത ഇന്‍ഫാമിന് കേരളത്തില്‍ പരക്കെ വേരോട്ടം നല്‍കി. ആദര്‍ശങ്ങളില്‍ മായം ചേര്‍ക്കാത്ത സംശുദ്ധ വ്യക്തിത്വമായിരുന്ന കൊഴുവനാല്‍ അച്ചന്‍ കര്‍ഷക മക്കളുടെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി വടക്കേമുറി അച്ചനോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മാറിമാറി വന്ന സര്‍ക്കാരുകളുടെ നയരൂപീകരണങ്ങളുടെ പോരായ്മകള്‍ കൊണ്ട് കണ്ണീര് കുടിക്കേണ്ടിവന്ന പാവപ്പെട്ട കര്‍ഷക സമൂഹത്തിന് സംഘടനയിലൂടെ പ്രത്യാശയും പുനര്‍ജീവനും നല്‍കാന്‍ കൊഴുവനാല്‍ അച്ചന്റെ സൗമ്യ സാമീപ്യത്തിന് കഴിഞ്ഞു. വികേന്ദ്രീകൃത പങ്കാളിത്താധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമ വികസനത്തിന് ഊടും പാവും നല്‍കിയ ഒരു നല്ല നെയ്ത്തുകാരനായി കൊഴുവനാല്‍ അച്ചന്‍ മാറി.സ്വാശ്രയത്വത്തിന്റെ ദിവ്യ മന്ത്രങ്ങള്‍ ആശ്രിതന്റെ കര്‍ണ്ണപുടങ്ങളില്‍ ഓതിക്കൊടുത്തു സ്വയം പര്യാപ്തതയുടെ പടവുകള്‍ കയറ്റാന്‍ അവന്റെ ആത്മാഭിമാനത്തെ തൊട്ടുണര്‍ത്തിയ ക്രാന്ത ദര്‍ശിയായിരുന്നു കൊഴുവനാല്‍ അച്ചന്‍. ഇങ്ങനെ കുറിച്ചു തുടങ്ങിയാല്‍ പുസ്തകത്താളുകളില്‍ കോറിയിടാന്‍ ഏറെയുണ്ട്. അതുവേണ്ട, മനസ്സിന്റെ മണിച്ചെപ്പില്‍ ഞങ്ങള്‍ അത് കാത്തുസൂക്ഷിക്കട്ടെ. പ്രിയപ്പെട്ട കൊഴുവനാല്‍ അച്ചന് ഇന്‍ഫാം കുടുംബാംഗങ്ങള്‍ എല്ലാവരുടെയും സ്‌നേഹത്തിന്റെയും നന്ദിയുടെയും പ്രണാമം അര്‍പ്പിച്ചുകൊണ്ട്, ഫാ. തോമസ് മറ്റമുണ്ടയില്‍ ദേശീയ ചെയര്‍മാന്‍ ഇന്‍ഫാം