കായംകുളം: നിർദ്ധനരായ കിഡ്നി രോഗികൾക്ക് ആവശ്യമായ ഡയാലിസിസ് കിറ്റിന്റെ ദൗർലഭ്യത സംബന്ധിച്ച് നവമാധ്യമങ്ങളിലടക്കം കായംകുളം ഗവണ്മെന്റ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോ. ഷബീർ മുഹമ്മദ് നടത്തിയ അഭ്യർത്ഥനക്ക്  അനുകൂലമായി, ആദ്യ പ്രതികരണവുമായി കായംകുളത്തെ പൊതു ജന കൂട്ടായ്മയായ നന്മ കൂട്ടായ്മ രംഗത്ത്.
ഒരു മാസം ഏകദേശം 356 ഡയാലിസിസ് കിറ്റുകൾ ആവശ്യമാണെന്നും രോഗികൾക്ക് നിലവിൽ ഇത് ലഭ്യമാകാത്ത സാഹചര്യത്തിൽ ഡയാലിസിസ് ചെയ്യാൻ കഴിയുന്നില്ല എന്നുമുള്ള ഡോക്ടറുടെ  അഭ്യർത്ഥന മാനിച്ചു കഴിയുന്നിടത്തോളം കിറ്റുകൾ ശേഖരിച്ചു കൈമാറുവാൻ നന്മ കൂട്ടായ്മ തീരുമാനിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ കായംകുളം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 20 കിറ്റുകൾ കൈമാറുകയാണ്. ഇത് മറ്റ് സാമൂഹിക സംഘടനകൾക്കും വ്യക്തികൾക്കും പ്രചോദനമാകുമെന്നാണ് കരുതുന്നത്.
കായംകുളത്തും പരിസര പ്രദേശങ്ങളിലും പാവപെട്ടവർക്ക് വീട് വെച്ച് നൽകുന്നത് ഉൾപ്പെടെ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ഇതിനോടകം നന്മ കൂട്ടായ്മ ചെയ്തു കഴിഞ്ഞു. കൊറോണ കാലത്ത് കായംകുളം മുനിസിപ്പൽ പ്രദേശത്ത് കൊറോണ ബാധിതർക്ക് തുടർച്ച യായി ഏഴ് ദിവസം പോഷക ആഹാര കിറ്റ് നൽകിയും കൊറോണ ബാധിച്ചു മരണപ്പെട്ടവരെ സംസ്കരിച്ചും, ആശുപത്രിയിൽ എത്തിച്ചുംരക്ത ദാനം ചെയ്തും, പൊതു വഴികൾ വൃത്തിയാക്കിയും നന്മ കൂട്ടായ്മ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 
മുനീർ, അനീസ്, റാഫി രാജ്, വിനോദ്, ബിജു, ഷാനവാസ്‌, അനിൽ ഉഡുപ്പി അനീഗർ,ഷിബു, ഹാരിസ്, ശ്രീകുമാർ, ബിജു, ബിജു മാധവൻ, അബ്ദുൽ റഷീദ്, അഡ്വ. ഹാഷിം തുടങ്ങിയവരാണ് നന്മ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം  നൽകുന്നത്.
ഡയാലിസിസ് കിറ്റ് വാങ്ങി നൽകുവാൻ കഴിയുമോ എന്ന് ആരാഞ്ഞുകൊണ്ട് കായംകുളത്തെ പൗരപ്രമുഖർ, ചാരിറ്റി സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവരുടെ അടിയന്തിര ശ്രദ്ധക്ക് വേണ്ടിയായിരുന്നു ഡോ.ഷബീർ മുഹമ്മദ്‌ അഭ്യർത്ഥന നടത്തിയിരുന്നത്.
ഡയാലിസിസ് കിറ്റുകൾ നൽകാനുള്ള നന്മകൂട്ടായ്മയുടെ മാതൃക പ്രവർത്തനങ്ങൾ കൂടുതൽ പേർ ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. നന്മ കൂട്ടായ്മയുടെ ഡയാലിസിസ് കിറ്റ് വിതരണവുമായി ബന്ധപെട്ട് സഹായിക്കുവാൻ താല്പര്യമുള്ളവർ ഈ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് – 98472 76773.
റിപ്പോര്‍ട്ട്: നിസാർ പൊന്നാരത്ത്

By admin

Leave a Reply

Your email address will not be published. Required fields are marked *