കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ ആരാധന ക്രമ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക നടപടികളുമായി വത്തിക്കാന്‍.
പ്രശ്‌നപരിഹാരത്തിന് ഉചിതമായ തീര്‍മാനം കൈക്കൊള്ളുന്നതില്‍ വീഴ്ച വരുത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആണ്ട്രൂസ് താഴത്ത് എന്നിവര്‍ മാര്‍പാപ്പയ്ക്ക് രാജി നല്‍കി. രാജി ഉള്‍പ്പെടെയുള്ള തീരുമാനങ്ങളില്‍ ഇന്ന് വൈകിട്ട് കാക്കനാട് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടാകും .
നേരത്തെ സീറോ മലബാര്‍ സഭയില്‍ നിര്‍ണയക ചുമതല വഹിച്ചു വിദേശത്ത് ആര്‍ച്ചു ബിഷപ്പ് പദവിയില്‍ നിന്നും വിരമിച്ച മാര്‍ ബോസ്‌കോ പുത്തൂര്‍ എര്‍ണാകുളം – അങ്കമാലി അതിരൂപതയുടെ പുതിയ അഡ്മിനിസ്‌ട്രേറ്ററാകും. മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തുനിന്നും രാജി വയ്ക്കുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പകരം ചുമതല നിലവിലെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് കൈമാറും.
ഈ ഡിസംബര്‍ 25 നു സീറോ മലബാര്‍ സഭയില്‍ ആകമാനം ആരാധന ക്രമം ഏകീകരിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് വത്തിക്കാന്റെ കടുത്ത നടപടി. നിലവില്‍ എറണാകുളം – അങ്കമാലി അതിരൂപതയില്‍ മാത്രമാണ് ഏകീകൃത കൂര്‍ബ്ബാന അര്‍പ്പിക്കാത്തത്. ഈ വര്‍ഷത്തെ ക്രിസ്തുമസിന് ഈ അതിരൂപതയിലും ഏകീകൃത കൂര്‍ബ്ബാന അര്‍പ്പിക്കും എന്ന് ഉറപ്പാക്കേണ്ട ചുമതല പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്കും പേപ്പല്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിനും ആയിരിയ്ക്കും.
ക്രിസ്തുമസിന് ഏകീകൃത കൂര്‍ബ്ബാന അര്‍പ്പിക്കാന്‍ തയ്യാറാകാത്ത വൈദികരെ സഭയില്‍ നിന്നും പുറത്താക്കി ആ പള്ളികള്‍ ഏകീകൃത കൂര്‍ബ്ബാന അര്‍പ്പണം വരെ അടച്ചിടാനും തീരുമാനം ഉണ്ട്. ഇക്കാര്യത്തില്‍ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കി ഇന്ന് കാക്കനാട് സെന്റ് തോമസ് മൌണ്ടില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വീഡിയോ സന്ദേശം വഴി പോപ്പ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യും.
എറണാകുളം – അങ്കമാലി അതിരൂപതയി പുതിയ ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ജനുവരിയിലെ സിനഡ് കൈക്കൊള്ളും. അതുവരെ കൂരിയ ബിഷപ്പിനാകും സഭയുടെ ഭരണ ചുമതല.
കര്‍ദിനാളും അടിമിനിസ്‌ട്രേറ്ററും എറണാകുളം – അങ്കമാലി അതിരൂപതയിലെ ആരാധന ക്രമ തര്‍ക്കങ്ങളില്‍ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തി എന്ന വിലയിരുത്തലാണ് വത്തിക്കാനുള്ളത് .
അതേസമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒരു വര്‍ഷം മുന്‍പു തന്നെ രാജിസന്നദ്ധത വത്തിക്കാനെ അറിയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് താനാണ് തടസമെങ്കില്‍ താന്‍ ഒഴിയാന്‍ സന്നദ്ധനാണ് എന്ന വിവരം അദ്ദേഹം മാര്‍പ്പാപ്പയെ അറിയിച്ചിരുന്നു.
തല്‍ക്കാലം തുടരാനായിരുന്നു അന്ന് പോപ്പിന്റെ ഉപദേശം. സിബിസിഐ അദ്ധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം അഡ്മിനിസ്‌ട്രേറ്റര്‍ ആണ്ട്രൂസ് താഴത്തിനും ഈ പദവിയില്‍ തുടരാന്‍ വിമുഖത ഉണ്ടായിരുന്നു.