ദോഹ – ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളാന്‍ ഒരു മാസം മാത്രം ശേഷിക്കെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ പോര്‍ചുഗീസുകാരനായ കോച്ച് കാര്‍ലോസ് ക്വിറോഷിനെ പുറത്താക്കി. പകരം സ്പാനിഷ് കോച്ച് മാര്‍ക്വേസ് ലോപസിനെ നിയമിച്ചു. എസ്പാന്യോള്‍ കോച്ചായിരുന്ന ലോപസ് ഖത്തറിലെ ആസ്പയര്‍ അക്കാദമിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഖത്തര്‍ ദേശീയ ടീമിലെ പദവി ഏറ്റെടുക്കാന്‍ അദ്ദേഹം അല്‍വഖ്‌റ ക്ലബ്ബിന്റെ പരിശീലക പദവി രാജി വെച്ചു.
നേരത്തെ റയല്‍ മഡ്രീഡിനെയും പോര്‍ചുഗലിനെയും ഇറാനെയും പരിശീലിപ്പിച്ച ക്വിറോഷിനെ ഫെബ്രുവരിയിലാണ് നാലു വര്‍ഷത്തെ കരാറില്‍ നിയമിച്ചത്. 2022 ലെ ലോകകപ്പില്‍ ഖത്തര്‍ നിരാശപ്പെടുത്തിയതിനെത്തുടര്‍ന്ന് ഫെലിക്‌സ് സാഞ്ചസിനെ ഒഴിവാക്കി ക്വിറോഷിനെ ചുമതലയേല്‍പിക്കുകയായിരുന്നു. 2019 ല്‍ സാഞ്ചസിന് കീഴിലാണ് ഖത്തര്‍ ഏഷ്യന്‍ ചാമ്പ്യന്മാരായത്.
ക്വിറോഷിന്റെ പ്രതിരോധ ശൈലിയും യുവ കളിക്കാരില്‍ വിശ്വാസമര്‍പ്പിക്കാത്തതുമാണ് പുറത്താക്കലിന് കാരണമെന്ന് സൂചനയുണ്ട്. 11 കളികള്‍ മാത്രമാണ് ക്വിറോഷിന്റെ കോച്ചിംഗില്‍ ഖത്തര്‍ കളിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവര്‍ അഫ്ഗാനിസ്ഥാനെയും ഇന്ത്യയെയും തോല്‍പിച്ചിരുന്നു.
2023 December 7Kalikkalamtitle_en: Queiroz fired as Qatar’s head coach a month before Asian Cup