മധ്യപ്രദേശില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 230 എംഎല്‍എമാരില്‍ 205 പേരും കോടീശ്വരന്മാര്‍. എംഎല്‍എമാരുടെ ശരാശരി ആസ്തി 11.77 കോടി രൂപയാണ്. ഏറ്റവും ധനികരായ എംഎല്‍എമാരുടെ പട്ടികയിലെ ആദ്യ മൂന്നില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥും  ഇടംപിടിച്ചു. 134 കോടി രൂപയിലധികം ആസ്തിയാണ് കമല്‍ നാഥിനുള്ളത്. എംഎല്‍എമാരുടെ ശരാശരി ആസ്തി 11.77 കോടി രൂപയാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ ശരാശരി ആസ്തി 2018ല്‍ 10.17 കോടിയായിരുന്നു. ഏറ്റവും കുറവ് ആസ്തിയുള്ള എംഎല്‍എ ഭാരത് ആദിവാസി പാര്‍ട്ടിയുടെ കമലേഷ് ദോദിയാറാണ്. 18 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 
രത്‌ലാം സിറ്റിയില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ ചൈതന്യ കശ്യപ് 296 കോടി രൂപയുടെ ആസ്തിയുമായി പട്ടികയില്‍ ഒന്നാമതെത്തി. ബിജെപിയുടെ തന്നെ സഞ്ജയ് സത്യേന്ദ്ര പതക് (വിജയരാഘവ്ഗഡ്) ആണ് രണ്ടാം സ്ഥാനത്ത്. 242 കോടി രൂപ ആസ്തിയാണ് പതക്കിനുള്ളത്. ഒരു കോടി രൂപയിലധികം ആസ്തിയുള്ള എംഎല്‍എമാരുടെ എണ്ണം 2018ല്‍ 187 ആയിരുന്നത് 2023ല്‍ 205 ആയി ഉയര്‍ന്നു. ഈ കോടീശ്വര എംഎല്‍എമാരില്‍ 144 പേര്‍ ബിജെപിയില്‍ നിന്നും 61 പേര്‍ കോണ്‍ഗ്രസില്‍ നിന്നുമാണ്.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 163 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തിയിരുന്നു. 2018ല്‍ ഇത് 109 ആയിരുന്നു. സംസ്ഥാനത്ത് 2018ല്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 66 സീറ്റുകളായി ചുരുങ്ങി. പുതിയതായി വന്ന ഭാരത് ആദിവാസി പാര്‍ട്ടിക്ക് ഒരു മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിഞ്ഞു. ഏറ്റവും കുറവ് ആസ്തിയുള്ള കമലേഷ് ദോദിയാറിന് പിന്നില്‍ ബിജെപിയുടെ സന്തോഷ് വര്‍ക്കഡെ (സിഹോറ), കാഞ്ചന്‍ മുകേഷ് തന്‍വെ (ഖാണ്ട്വ) എന്നിവരുണ്ട്. 25 ലക്ഷം രൂപയാണ് സന്തോഷിന്റെ ആസ്തി. സഹപ്രവര്‍ത്തകനായ കാഞ്ചന്‍ മുകേഷ് തന്‍വെക്ക് 26 ലക്ഷം രൂപ ആസ്തിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും കൂടുതല്‍ ബാധ്യതയുള്ള സ്ഥാനാര്‍ത്ഥികളില്‍ 57 കോടി രൂപയുടെ കടവുമായി ബി.ജെ.പിയുടെ മുന്‍ മന്ത്രി സുരേന്ദ്ര പട്വ (ഭോജ്പൂര്‍) ആണ് മുന്നില്‍. 30 കോടിയുമായി കോണ്‍ഗ്രസിലെ ദിനേഷ് ജെയിന്‍ (മഹിദ്പൂര്‍) രണ്ടാം സ്ഥാനത്തും ബി.ജെ.പിയുടെ ഭൂപേന്ദ്ര സിംഗ് (ഖുറൈ) 23 കോടിയുമായ മൂന്നാം സ്ഥാനത്തുമുണ്ട്. 205 കോടീശ്വരന്മാരില്‍ 102 എംഎല്‍എമാര്‍ 5 കോടി രൂപയോ അതില്‍ കൂടുതലോ സ്വത്ത് ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 71 നിയമസഭാംഗങ്ങള്‍ 2 കോടി മുതല്‍ 5 കോടി രൂപ വരെ സ്വത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, 48 നിയമസഭാംഗങ്ങള്‍ 50 ലക്ഷം മുതല്‍ 2 കോടി രൂപ വരെ ആസ്തി പ്രഖ്യാപിച്ചപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് എംഎല്‍എമാരുടെ സ്വത്ത് 50 ലക്ഷം രൂപയില്‍ താഴെയാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *