മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ശര്‍മ്മിഷ്ഠ മുഖര്‍ജി തന്റെ പിതാവിനെക്കുറിച്ചെഴുതിയ പുസ്തകം ഇപ്പോള്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ഈ പുസ്തകത്തില്‍ തന്റെ പിതാവിനെ സംബന്ധിച്ച് ശര്‍മ്മിഷ്ഠ നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. 2013ല്‍ രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സിന്റെ പകര്‍പ്പ് കീറിക്കളഞ്ഞ സംഭവം പ്രണബിനെ ഞെട്ടിച്ചുവെന്ന് ശര്‍മ്മിഷ്ഠ പുസ്തകത്തില്‍ പറയുന്നു. ഗാന്ധി-നെഹ്റു കുടുംബത്തില്‍ പെട്ടതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിതന്നോടു പറഞ്ഞതായി പ്രണബ് മുഖര്‍ജി വെളിപ്പെടുത്തിയിരുന്നെന്നും ശര്‍മ്മിഷ്ഠ പുസ്തകത്തില്‍ പറയുന്നുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ അടിച്ച അവസാനത്തെ ആണിയായിരുന്നു ഇതെന്നാണ് പുസ്തകത്തിലൂടെ ശര്‍മ്മിഷ്ഠ ചൂണ്ടിക്കാട്ടുന്നത്.
ഒരിക്കല്‍ രാഹുല്‍ പ്രണബ് മുഖര്‍ജിയെ കാണാന്‍ അതിരാവിലെ വന്നിരുന്നു. ആ സമയം പ്രമണബ് മുഗള്‍ ഗാര്‍ഡനില്‍ (ഇപ്പോള്‍ അമൃത് ഉദ്യാന്‍) പ്രഭാത നടത്തത്തിലായിരുന്നു. പ്രഭാതസവാരിക്കിടയിലും പൂജയ്ക്കിടയിലും ഒരുതരത്തിലുള്ള ശല്യവും ഇഷ്ടപ്പെടാത്ത ആളാണ് പ്രണബ് മുഖര്‍ജി. എന്നിട്ടും രാഹുല്‍ ഗാന്ധിയെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ വൈകുന്നേരമാണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച രാവിലെ മതിയെന്ന് രാഹുലിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് താന്‍ അച്ഛനോട് ചോദിച്ചിരുന്നുവെന്ന് ശര്‍മിഷ്ഠ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ഭരാഹുലിന്റെ ഓഫീസിന് ‘എഎം’ എന്താണെന്നും ‘പിഎം’ എന്താണെന്നും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ഭാവിയില്‍ അദ്ദേഹം പിഎംഒ (പ്രധാനമന്ത്രിയുടെ ഓഫീസ്) എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് അതിനുത്തരമായി പരിഹാസത്തോടെ അച്ഛന് പറഞ്ഞതെന്നും ശര്‍മിഷ്ഠ വെളിപ്പെടുത്തുന്നു.
രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തന്റെ തീരുമാനം ശരിയല്ലെന്നും തനിക്ക് സ്വാധീനവും രാഷ്ട്രീയ ധാരണയും ഇല്ലായിരുന്നുവെന്നും പ്രണബ് മുഖര്‍ജി തന്നോടു പറഞ്ഞിട്ടുള്ളതായും മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി തന്റെ ‘പ്രണബ്, മൈ ഫാദര്‍: എ ഡോട്ടര്‍ റിമംബേഴ്സ്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.