റിയാദ് – സാമ്പത്തിക, ധനപരിഷ്‌കരണങ്ങള്‍ വിജയകരമാണെന്ന് ഇതുവരെയുള്ള ഫലങ്ങള്‍ വ്യക്തമാക്കുന്നതായി ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും സമഗ്ര സാമ്പത്തിക വളര്‍ച്ചക്കും പൊതുധന മാനേജ്‌മെന്റ് വികസിപ്പിക്കാനും പെട്രോളിതര ഉല്‍പാദനം വര്‍ധിപ്പിക്കാനും ബജറ്റ് ഊന്നല്‍ നല്‍കുന്നു. വളരെ മികച്ച വളര്‍ച്ചക്കാണ് സൗദി സമ്പദ്‌വ്യവസ്ഥ സാക്ഷ്യം വഹിക്കുന്നത്. വിഷന്‍ 2030 സാമ്പത്തിക വളര്‍ച്ചക്ക് സഹായകമായി. സര്‍ക്കാര്‍ ഇടപെടലുകള്‍ പണപ്പെരുപ്പം നിയന്ത്രിച്ചു. ഈ വര്‍ഷം പണപ്പെരുപ്പം 2.6 ശതമാനമാകും. വരും വര്‍ഷങ്ങളില്‍ പണപ്പെരുപ്പം കുറയും. 2026 ല്‍ 1.9 ശതമാനമായി പണപ്പെരുപ്പം കുറയും.
2027 വരെയുള്ള കാലത്ത് പെട്രോളിതര ആഭ്യന്തരോല്‍പാദനം ശരാശരി ആറു ശതമാനം തോതില്‍ വര്‍ധിക്കും. 2016 ല്‍ വിഷന്‍ 2030 പ്രഖ്യാപിക്കുമ്പോള്‍ മൊത്തം ആഭ്യന്തരോല്‍പാദനം 2.5 ട്രില്യണ്‍ റിയാലായിരുന്നു. ഇപ്പോള്‍ ഇത് 4.1 ട്രില്യണ്‍ റിയാലായിരിക്കുന്നു. എട്ടു വര്‍ഷത്തിനിടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 65 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
നികുതി നയത്തിലെ മാറ്റങ്ങളെ കുറിച്ച് സമയമാകുമ്പോള്‍ പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തില്‍ നികുതി വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അധികഭാരം കെട്ടിവെക്കില്ല. സാമ്പത്തിക വൈവിധ്യവല്‍ക്കരണം, സ്വകാര്യ മേഖലക്കുള്ള പ്രോത്സാഹനം പോലുള്ള ചില സാമ്പത്തിക നയങ്ങളില്‍ ഒരിക്കലും മാറ്റംവരുത്തില്ല. സാമ്പത്തിക, ധനസ്ഥിതികള്‍ക്കനുസരിച്ച് മാറ്റം വരുന്ന ചില സാമ്പത്തിക നയങ്ങളുണ്ട്. നികുതി നയങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. നിലവില്‍ കമ്മി ബജറ്റ് ആണ്. ധനസ്ഥിതി മെച്ചപ്പെടുന്ന മുറക്ക് മൂല്യവര്‍ധിത നികുതി അടക്കമുള്ള നികുതി നയങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പരസ്യപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം സൗദി സമ്പദ്‌വ്യവസ്ഥ 11 ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതില്‍ 1,30,000 ലേറെ തൊഴിലവസരങ്ങള്‍ ലഭിച്ചത് സ്വദേശികള്‍ക്കാണ്. സാമ്പത്തിക വളര്‍ച്ച ശക്തമാക്കുന്ന പദ്ധതികളുടെയും തന്ത്രങ്ങളുടെയും നടപ്പാക്കല്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ട് പൊതുധനവിനിയോഗം വര്‍ധിപ്പിച്ചതാണ് 2023 മുതല്‍ 2027 വരെയുള്ള വര്‍ഷങ്ങളില്‍ ബജറ്റില്‍ കമ്മി രേഖപ്പെടുത്താന്‍ കാരണം. ഈ പദ്ധതികള്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സമൂഹത്തിലെ നിര്‍ധനരും അവശരുമായ വിഭാഗങ്ങള്‍ക്കുള്ള പിന്തുണയും സഹായങ്ങളും സര്‍ക്കാര്‍ തുടരുമെന്നും മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.
 
2023 December 6Saudijadaantitle_en: MOHAMMED JADAAN

By admin

Leave a Reply

Your email address will not be published. Required fields are marked *