തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടറുടെ മരണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനമാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ശിശുവികസന വകുപ്പ് ഡയറക്ടറോട് നിര്‍ദേശിച്ചത്.
ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ. കാറുമാണ് സ്ത്രീധനമായി യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതെന്നാണ് ഷഹ്നയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല.
ഇതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം സൂചിപ്പിക്കുന്നതാണ് ഷഹ്നയുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പും.സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.
തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്ളാറ്റില്‍ ഷഹ് നയെ മരിച്ചനിലയില്‍ കണ്ടത്. രാത്രി ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സമയമായിട്ടും കാണാതായതോടെ സഹപാഠികള്‍ അന്വേഷിച്ചെത്തിയപ്പോള്‍ അബോധാവസ്ഥയിലായ നിലയിലാണ് ഷഹ്നയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *