ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച 12 ഭാരതീയ ജനതാ പാർട്ടി പാർലമെന്റ് അംഗങ്ങളിൽ പത്ത് പേർ ലോക്‌സഭാ സീറ്റുകളിൽ നിന്ന് രാജിവച്ചു). രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച എംപിമാരാണ് രാജിവച്ചത്.
ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ എംപിമാരുടെ പ്രതിനിധി സംഘം സ്പീക്കറെ കണ്ട് രാജി സമർപ്പിച്ചു. സ്പീക്കറെ കണ്ടവരിൽ മധ്യപ്രദേശിൽ നിന്നുള്ള നരേന്ദ്ര തോമർ, പ്രഹ്ലാദ് പട്ടേൽ, റിതി പഥക്, രാകേഷ് സിംഗ്, ഉദയ് പ്രതാപ് സിംഗ് എന്നിവരും ഉൾപ്പെടുന്നു.
രാജസ്ഥാനിൽ നിന്നുള്ള എംപിമാരിൽ രാജ്യവർധൻ റാത്തോഡ്, കിരോഡി ലാൽ മീണ, ദിയാ കുമാരി എന്നിവരും, ഛത്തീസ്ഗഢിൽ നിന്നുള്ള അരുൺ സാവോ, ഗോമതി സായി എന്നിവരും രാജി സമർപ്പിച്ചു.
എന്നാൽ ബാബ ബാലക്‌നാഥും രേണുക സിംഗും ഇതുവരെ രാജി സമർപ്പിച്ചിട്ടില്ല. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി സർക്കാർ രൂപീകരിക്കാനൊരുങ്ങവെയാണ് രാജി സമർപ്പിച്ചത്.
മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) മാരകമായ പ്രഹരം ഏൽപ്പിച്ച് തെലങ്കാനയിൽ വിജയിച്ചു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിക്കത്ത് അതത് ഗവർണർമാർക്ക് കൈമാറി. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് വിലയിരുത്തപ്പെടുന്നത്.