തിരുവനന്തപുരം: ജമ്മു കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം സംസ്ഥാന സർക്കാർ നാട്ടിലെത്തിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ നോർക്കയുടെ മൂന്നു ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചു. വ്യോമമാർഗം ചണ്ഡിഗഡിൽ എത്തിയ ശേഷമാകും സംഘം ശ്രീനഗറിലേക്ക് പോവുക.
മന്ത്രി എം.ബി. രാജേഷിനാണ് ഏകോപന ചുമതല. അതേസമയം, അപകടത്തിൽ പരിക്കേറ്റവരെ ഡൽഹിയിലെത്തിച്ച് മികച്ച ചികിത്സ നൽകാനാണ് സർക്കാർ തീരുമാനം.

ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ ചെയ്യും. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടത്തേണ്ടതുണ്ട്. കൂടാതെ, അപകടം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിന്‍റെ നടപടികളും പൂർത്തിയാക്കണം. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി വൈകാതെ തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.
 
പാലക്കാട് ചിറ്റൂർ സ്വദേശികളായ ഷമാഞ്ചിറ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഗ് നേഷ് (23) എന്നിവരാണ് മരിച്ച മലയാളികൾ. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരിക്ക്. ഗുരുതര പരിക്കേറ്റ മനോജിനെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. എസ്.യു.വിയുടെ ഡ്രൈവറും ശ്രീനഗറുകാരനുമായ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാൾ. ‌

 
സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് പറയുന്നു. ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. മഞ്ഞുകട്ടകൾ വീണ്കിടക്കുന്ന റോഡിൽ നിന്ന് വഴുതിയാണ് വാഹനം ചുരത്തിലെ യാദവ് മോറിലെ കൊക്കയിലേക്ക് പതിച്ചത്. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകർന്നിരുന്നു.
 
മാതാ വൈഷ്ണോദേവിയുടെ ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3528 മീറ്റർ (11649 അടി) ഉയരമുള്ള സോജില ചുരം ശ്രീനഗറിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ്. മരിച്ച അനിൽ കൂലിപ്പണിക്കാരനും സുധീഷ് തമിഴ്നാട്ടിൽ സർവേയറുമാണ്. രാഹുൽ ഐ.സി.ഐ.സി.ഐ ബാങ്ക് ജീവനക്കാരനാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *