രജപുത്ര സംഘടനയായ രാഷ്ട്രീയ രജ്പുത് കര്‍ണി സേനയുടെ പ്രസിഡന്റ് സുഖ്‌ദേവ് സിങ് ഗോഗമേദി വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതേതുടര്‍ന്ന് രാഷ്ട്രീയ രജ്പുത് കര്‍ണി സേനയും രാജസ്ഥാനിലെ മറ്റ് സമുദായങ്ങളും കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. രാഷ്ട്രീയ രജ്പുത് കര്‍ണി സേനയുടെ അധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി അദ്ദേഹത്തിന്റെ ജയ്പൂരിലെ വസതിയില്‍ വച്ച് ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അജ്ഞാതരായ മൂന്ന് ആയുധധാരികള്‍ ഗോഗമേദിയെ അദ്ദേഹത്തിന്റെ വീടിന്റെ സ്വീകരണമുറിയില്‍ വെടിവച്ചു കൊന്നു, അവരില്‍ ഒരാളും പ്രതികാര വെടിവെപ്പില്‍ കൊല്ലപ്പെട്ടു, പോലീസ് പറഞ്ഞു. അജ്ഞാതരായ മൂന്ന് ആയുധധാരികളാണ് ഗോഗമേദിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തിരിച്ചുള്ള വെടിവയ്പ്പില്‍ പ്രതികളില്‍ ഒരാളും കൊല്ലപ്പെട്ടു.
സംഭവത്തില്‍ ഗാര്‍ഡ് അജിത് സിംഗിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഐസിയുവില്‍ കഴിയുന്ന അജിത് ഗുരുതരാവസ്ഥയിലാണ്. സംഭവത്തിന് തൊട്ടുപിന്നാലെ, കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗമായ രോഹിത് ഗോദാര കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കര്‍ണി സേന തലവന്റെ കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം തന്റെ സംഘം ഏറ്റെടുത്തതായി രോഹിത് ഗോദാര ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
‘സഹോദരന്മാരേ, ഇന്ന് സുഖ്ദേവ് ഗോഗമേദി കൊല്ലപ്പെട്ടു. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഈ കൊലപാതകം ഞങ്ങള്‍ ചെയ്തു. ഗോഗമേഡി നമ്മുടെ ശത്രുക്കളെ സഹായിക്കുകയും അങ്ങനെ അവരെ ശക്തിപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ശത്രുക്കള്‍ അവരുടെ വീട്ടില്‍ അവരുടെ ശവപ്പെട്ടി തയ്യാറാക്കി വെക്കണം. ഞങ്ങള്‍ അവരെയും ഉടന്‍ കാണും.” രോഹിത് ഗോദാര തന്റെ പോസ്റ്റില്‍ പറഞ്ഞു.
സുഖ്ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച കര്‍ണി സേന അനുകൂലികള്‍ ജയ്പൂരില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മെട്രോ മാസ് ഹോസ്പിറ്റലിന് പുറത്ത് പ്രകടനങ്ങള്‍ നടത്തുകയും മാനസരോവറിലെ റോഡുകള്‍ തടയുകയും ചെയ്തു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് സുഖ്ദേവ് സിംഗ് ഗോഗമേദിക്ക് നേരെ ഒന്നിലധികം തവണ വെടിയുതിര്‍ക്കുന്നതും വാതില്‍ക്കല്‍ നില്‍ക്കുന്ന മറ്റൊരാളെ വെടിവയ്ക്കുന്നതും വീഡിയോയില്‍ കാണാം. വെടിയേറ്റ ഗോഗമേദി തറയില്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ ഗോഗമേദിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.