കൊച്ചി: മസാല ബോണ്ടില്‍ സമന്‍സ് അയയ്ക്കാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡോ. ടിഎം തോമസ് ഐസകും കിഫ്ബിയുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കിഫ്ബിക്ക് വേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഹാജരാകും. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സമന്‍സ് അയക്കാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത് കാരണങ്ങളില്ലാതെയാണ് എന്നാണ് അപ്പീലിലെ ആക്ഷേപം. സിംഗിള്‍ ബെഞ്ചിന്റെ പുതുക്കിയ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. റിസര്‍വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയത്.
അന്വേഷണത്തിന് ആവശ്യമായ കുറ്റകൃത്യം സംഭവിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുതുക്കിയത് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സമന്‍സിനുള്ള സിംഗിള്‍ ബെഞ്ച് അനുമതി കാരണങ്ങളില്ലാതെയെന്നാണ് കിഫ്ബിയുടെ വാദം.