ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘ആന്റണി’ . ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ‘ആന്റണി’ സിനിമയിലെ ഷൂട്ടിങ്ങിനിടെ കിട്ടിയ അടിയും ചതവും യാഥാര്‍ഥമായിരുന്നുവെന്ന് പറയുകയാണ് ആന്‍ മരിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി പ്രിയദര്‍ശന്‍.
ചിത്രത്തില്‍ കിക്ക് ബോക്‌സിങ് താരമായി അഭിനയിക്കുന്നതിനായി നടത്തിയ പരിശീലനത്തിനിടെ തനിക്ക് ലഭിച്ച അടിയുടെയും ചതവിന്റെയും ചിത്രങ്ങള്‍ കല്യാണി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. സിനിമയില്‍ നിങ്ങള്‍ കാണുന്ന പഞ്ചുകളും കിക്കുകളും മുറിവുകളും യാഥാര്‍ഥമായിരുന്നുവെന്ന് കല്യാണി പറയുന്നു. തന്നെ പിന്തുണച്ച് കയ്യടിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും എല്ലാവരും തിയേറ്ററില്‍ പോയി ‘ആന്റണി’ എന്ന ചിത്രം കാണണമെന്നും കല്യാണി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
‘നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ തന്നെ നിന്നാല്‍ നിങ്ങള്‍ക്ക് വളരാന്‍ കഴിയില്ല. അതുപോലെ തന്നെ നിങ്ങള്‍ വളരാന്‍ ആഗ്രഹിച്ചു കഴിഞ്ഞാല്‍ അവിടെ നിങ്ങള്‍ക്ക് ഒരു കംഫര്‍ട്ടും ഉണ്ടാകില്ല. ഇത് ഞാന്‍ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണ്. സിനിമയില്‍ നിങ്ങള്‍ കാണുന്ന പഞ്ചുകള്‍ യഥാര്‍ഥമായിരുന്നു. കിക്കുകള്‍ യഥാര്‍ഥമായിരുന്നു. മുറിവുകള്‍ യഥാര്‍ഥമായിരുന്നു. കണ്ണുനീര്‍ യഥാര്‍ഥമായിരുന്നു. പുഞ്ചിരികള്‍ യഥാര്‍ഥമായിരുന്നു. എന്നാല്‍ രക്തം മാത്രം യഥാര്‍ഥമായിരുന്നില്ല. കയ്യടിച്ചതിനും ആര്‍പ്പുവിളിച്ചത്തിനും നന്ദി സുഹൃത്തുക്കളേ. എല്ലാറ്റിനുമുപരിയായി ആനിനോട് ദയയും സ്‌നേഹവും കാണിച്ചതിന് നന്ദി. ആന്റണി ഇപ്പോള്‍ തിയേറ്ററുകളില്‍ ഉണ്ട്, എല്ലാവരും പോയി കാണുക.” കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു
വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ കല്യാണിയുടെ പ്രകടനത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ കഥാപാത്രത്തിനു വേണ്ടി കല്യാണി കിക്ക് ബോക്‌സിങ് പരിശീലിക്കുകയും ഏറെ കഠിനാധ്വാനം ചെയ്യുകയും ചെയ്തിരുന്നു. ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, നൈല ഉഷ, ആശാ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.