ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അസംബന്ധമാണ്. തനിക്ക് പനിയായതിനാലാണ് യോഗത്തിലെത്താന്‍ കഴിയില്ലെന്ന് അറിയിച്ചതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതിനിടെ ഇന്ത്യ മുന്നണിയുടെ യോഗം ഡിസംബര്‍ 17ന് നടക്കുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവ് അറിയിച്ചു. ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ യോഗം ചേരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രധാന നേതാക്കള്‍ അസൗകര്യം അറിയിച്ചതോടെ യോഗം മാറ്റിവെക്കുകയായിരുന്നു.
‘ഇന്ത്യ ബ്ലോക്ക് മീറ്റിംഗില്‍ ഞാന്‍ പങ്കെടുക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് അസംബന്ധമാണ്. എനിക്ക് അന്ന് പനിയുണ്ടായിരുന്നു. അടുത്ത യോഗം എപ്പോള്‍ നടന്നാലും ഞാന്‍ തീര്‍ച്ചയായും പോകും,’ നിതീഷ് കുമാര്‍ പറഞ്ഞു.
നിതീഷ് കുമാറിന് പകരം മുതിര്‍ന്ന നേതാക്കളായ ജെഡിയു മേധാവി ലാലന്‍ സിങ്ങും ബീഹാറിലെ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായും യോഗത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരിക്കാനാണ് പ്രതിപക്ഷ ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗത്തിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഹ്വാനം ചെയ്തത്. എന്നാല്‍ വ്യക്തിപരവും ഔദ്യോഗികവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തിനെത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.