കാസർകോട്: നവ കേരള സദസ്സ് സമ്പൂർണ്ണമായ പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ല. സാധാരണ ജനങ്ങൾ നൽകുന്ന അപേക്ഷയിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ല. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ പ്രചരണം മാത്രമാണ്. പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കാൻ വേണ്ടി മാത്രമാണ് അധിക സമയവും ചെലവഴിക്കുന്നത്.

സർക്കാർ പരിപാടികളിൽ പൊതുവെ ആരും രാഷ്ട്രീയം പറയാറില്ല. എന്നാൽ സർക്കാർ പരിപാടിയെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴും നവകേരള സദസ്സിൽ രാഷ്ട്രീയം മാത്രമാണ് പറയുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നഷ്ടപ്പെട്ടുപോയ സർക്കാരിൻറെ മുഖം മിനുക്കാൻ വേണ്ടിയാണ് നവ കേരള സദസ്സ് നടത്തുന്നത്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി വാങ്ങുന്നില്ല. മന്ത്രിമാരും പരാതി നേരിട്ട് സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നവ കേരള സദസ്സ് ഇപ്പോൾ തൃശൂർ ജില്ലയിലാണ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ കോൺഗ്രസിനെ ശക്തമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിമർശിച്ചത്. കോൺഗ്രസിൻ്റെ കയ്യിലിരുപ്പ് കൊണ്ടാണ് ബിജെപി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീവ്രവർഗീയതയെ മൃദുവർഗീയത കൊണ്ട് നേരിടാൻ ആകില്ല. അങ്ങനെ ആകുമെന്നാണ് കോൺഗ്രസ്‌ കരുതിയത്. ബിജെപിയുടെ ബി ടീം ആയിനിന്ന് ബിജെപിയെ തോല്പിക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *