പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രധാന നേതാക്കളുടെ അസൗകര്യം പരിഗണിച്ച് ബുധനാഴ്ച നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റിവച്ചു. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം യോഗം പുനഃക്രമീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരാണ് യോഗത്തിനെത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിലെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്.
നിതീഷ് കുമാറിന് സുഖമില്ലെന്നാണ് വിവരം. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. മറ്റ് പ്രതിബദ്ധതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജിയും അഖിലേഷ് യാദവും പിന്മാറിയത്. ഈ മുന്‍നിര നേതാക്കളൊന്നും പങ്കെടുക്കാതെ യോഗം നടത്തേണ്ടതില്ലെന്ന നിലപാടില്‍ നേതൃത്വം എത്തുകയായിരുന്നു. 
യോഗത്തില്‍ പങ്കെടുക്കാമെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) തലവന്‍ ഉദ്ധവ് താക്കറെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ വിമാന ടിക്കറ്റുകള്‍ റദ്ദാക്കി. അതേസമയം, ആം ആദ്മി പാര്‍ട്ടി യോഗം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും അയച്ചിട്ടില്ലെന്നാണ് വിവരം. നിതീഷ് കുമാറിന് പകരം ജെഡിയു മേധാവി ലാലന്‍ സിങ്ങും ബീഹാറിലെ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം ലഭിച്ചിരുന്നത്. യോഗ വിവരം അറിയുന്നത് വൈകിയാണെന്നും മറ്റു പരിപാടികള്‍ നേരത്തെ ചാര്‍ട്ടായിക്കഴിഞ്ഞുവെന്നും പറഞ്ഞാണ് മമത യോഗത്തില്‍ നിന്ന് പിന്മാറിയത്. 
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ സഖ്യം യോഗം വിളിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ കൂട്ടായി നേരിടാനുള്ള പദ്ധതി നേതാക്കള്‍ ആലോചിച്ച് തീരുമാനിക്കുമെന്നാണ് പ്രതീക്ഷ അര്‍പ്പിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. നാല് സംസ്ഥാനങ്ങളില്‍ 3-1ന് ബിജെപിയോട് തോറ്റതിന്റെ പശ്ചാത്തലത്തില്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം പുനഃക്രമീകരിക്കേണ്ടത് പ്രതിപക്ഷത്തിന് ഏറെ പ്രധാനമാണ്.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ട്രയലായാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ പ്രതിപക്ഷം കണ്ടിരുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് പാര്‍ട്ടി പരാജയപ്പെട്ടത്. ഇപ്പോള്‍ വടക്ക് ഹിമാചല്‍ പ്രദേശ് മാത്രമാണ് കോണ്‍ഗ്രസിന്റേതായി അവശേഷിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം സ്വന്തം നിലയില്‍ ഭരിക്കുന്ന പാര്‍ട്ടി ബിഹാറിലും ജാര്‍ഖണ്ഡിലും പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിലായതിനാല്‍ ഭരണപക്ഷത്താണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്ത്യ മുന്നണി യോഗം വിളിക്കാന്‍ മുന്‍കൈയെടുത്തത്. 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ വന്‍കിട രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യ മുന്നണി. 2023 ജൂലൈയില്‍ ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിലാണ് സഖ്യം പിറന്നത്. കഴിഞ്ഞ തവണ നടന്ന യോഗത്തില്‍ ശിവസേന (യുബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് ആതിഥേയത്വം വഹിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നു. രണ്ട് ദിവസത്തെ ചര്‍ച്ചകളില്‍, സഖ്യം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഏകോപന സമിതി രൂപീകരിക്കുകയും 2024 ലെ തിരഞ്ഞെടുപ്പില്‍ ‘കഴിയുന്നത്രയും’ ഒരുമിച്ച് പോരാടാനുള്ള മൂന്ന് പോയിന്റ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. സമാന രീതിയില്‍ അടുത്ത ഘട്ട നീക്കങ്ങള്‍ മൂന്നാം യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *