മാന്നാര്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. ബുധനൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് എണ്ണയ്ക്കാട് പൈവള്ളി തോപ്പില്‍ രുധിമോ(40)നാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ പരിക്കേറ്റ മാന്നാര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിനീഷ് ബാബു പരുമലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയില്‍ 11നാണ് സംഭവം. പ്രതി മാരകായുധങ്ങളുമായി വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നെന്ന് ഭാര്യയും അമ്മയും പോലീസിനെ വിളിച്ച് പരാതി പറയുകയായിരുന്നു. ഇത് അന്വേഷിക്കാനായാണ് മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും എസ്.ഐ സജികുമാര്‍ ഉള്‍പ്പടെയുള്ള പോലീസ് സംഘം രുധികുമാറിന്റെ വീട്ടിലെത്തിയത്.
മദ്യ ലഹരിയില്‍ അക്രമാസക്തനായിരുന്ന രുധികുമാറിനെ അനുനയിപ്പിച്ച് കൈയിലുണ്ടായിരുന്ന ആയുധങ്ങള്‍ വാങ്ങി കൂട്ടിക്കൊണ്ടു പോകവെയായിരുന്നു ആക്രമണം. വസ്ത്രം മാറാന്‍ വീട്ടിനുള്ളിലേക്ക് കയറിയ യുവാവ് ചപ്പാത്തി പരത്തുന്ന തടിയുമായി എത്തി പോലീസുകാരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്ന സഹപ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ച ശേഷം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്. വധശ്രമത്തിന് കേസെടുത്ത് മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.