ഡല്‍ഹി: അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലിടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിന്‍റെ ഭാവിയും തുലാസില്‍. പ്രമുഖ കക്ഷി നേതാക്കള്‍ പിന്മാറിയതോടെ ബുധനാഴ്ചയിലെ ‘ഇന്ത്യ’ സഖ്യയോഗം റദ്ദാക്കേണ്ടിവന്നിരിക്കുകയാണ്. പകരം യോഗം എന്നു നടക്കുമെന്ന് ഉറപ്പു പറയാനും പറ്റാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

തെരഞ്ഞെടുപ്പുകളിലെ പരാജയത്തിനും മുന്നണിയുടെ പ്രതിസന്ധിക്കും സഖ്യകക്ഷികള്‍ പഴിക്കുന്നത് കോണ്‍ഗ്രസിനെയാണ്. സഖ്യം രൂപീകരിച്ചശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷികളെ അടുപ്പിക്കാതെ ഒറ്റയ്ക്ക് മല്‍സരിച്ച കോണ്‍ഗ്രസാണ് തകര്‍ച്ചയുടെ സൃഷ്ടാക്കള്‍ എന്നാണ് നിധീഷ് കുമാറും അഖിലേഷ് യാദവും മമതാ ബാനര്‍ജിയുമൊക്കെ ആരോപിക്കുന്നത്.

മൂന്നു നേതാക്കളും ബുധനാഴ്ച നടത്താനിരുന്ന യോഗത്തിനെത്തില്ലെന്ന് അറിയിച്ചതോടെ യോഗം റദ്ദാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും നിര്‍ബന്ധിതരായി. ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പകരക്കാരെ യോഗത്തിനയയ്ക്കുന്ന കാര്യത്തില്‍ പോലും ഉറപ്പു നല്‍കിയില്ലെന്നാണ് സൂചന.
മധ്യപ്രദേശില്‍ അവസാനം വരെ സഖ്യത്തിനായി ശ്രമിച്ച മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസിനോട് കടുത്ത അതൃപ്തിയില്‍ തന്നെയാണ്.

‘ഇന്ത്യ’ സഖ്യത്തിന്‍റെ മുഖമായി മാറിയ പ്രധാനപ്പെട്ട മൂന്നു നേതാക്കളാണ് വിട്ടു നില്‍ക്കുന്നത്. യോഗം ചേരുകയും ഇവര്‍ പങ്കെടുക്കുന്നില്ലെന്ന് വരികയും ചെയ്താല്‍ നാണക്കേട് ആകുമെന്നതിനാലാണ് യോഗം മാറ്റിവച്ചത്.

ഡിസംബര്‍ അവസാനത്തേയ്ക്ക് ഈ മൂവരും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെയെല്ലാം പങ്കെടുപ്പിച്ച് വിപുലമായ രീതിയില്‍ തന്നെ ‘ഇന്ത്യ’ യോഗം ചേരാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
മുഴുവന്‍ നേതാക്കളെയും പങ്കെടുപ്പിച്ച് യോഗം നടത്തുകയെന്നത് കോണ്‍ഗ്രസിനിപ്പോള്‍ അഭിമാന പ്രശ്നം കൂടിയാണ്. നിലവില്‍ പ്രാദേശിക കക്ഷികള്‍ ഉള്‍പ്പെടെ 28 പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.

ഇതില്‍ ചോര്‍ച്ച ഉണ്ടാക്കാതെ സാധിക്കുമെങ്കില്‍ ഇടതു പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി ‘ഇന്ത്യ’ സഖ്യം വിപുലപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് പ്രതിപക്ഷ നിരയില്‍ വീണ്ടും പ്രതീക്ഷ ഉയര്‍ത്താന്‍ കഴിയും എന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. 

അതിനായുള്ള ശ്രമത്തിലാണ് ഖാര്‍ഗെ. കഴി‍ഞ്ഞ ദിവസം മുതല്‍ നിധീഷ് കുമാറും മമതയും അഖിലേഷുമായി ഖാര്‍ഗെ ബന്ധപ്പെട്ടിരുന്നു. വീണ്ടും പ്രതിപക്ഷം ഭിന്നിച്ചു നില്‍ക്കുന്നത് ദോഷം ചെയ്യുമെന്ന് നേതാക്കളെ ബോധ്യപ്പെടുത്താനാണ് ഖാര്‍ഗെയുടെ ശ്രമം.

By admin

Leave a Reply

Your email address will not be published. Required fields are marked *