ആലപ്പുഴ: നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലേക്ക് പ്രവേശിക്കുന്നത് ജങ്കാറിലാണ്. ഡിസംബര്‍ 14ന് ഉച്ചക്ക് ശേഷം വൈക്കത്ത് നിന്നും ജങ്കാറിലൂടെ ആലപ്പുഴ ജില്ലയിലെ തവണക്കടവിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്.
ഇതിനു മുന്നോടിയായി ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ സുരക്ഷ പരിശോധനകള്‍ നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസും രണ്ട് സുരക്ഷാ വാഹനങ്ങളുമാണ് ജങ്കാറിലേക്ക് പ്രവേശിക്കുന്നത്.
ജങ്കാറിന്റെ സുരക്ഷ, ലോഡിംഗ് കപ്പാസിറ്റി തുടങ്ങിയവ പ്രത്യേകം പരിശോധിച്ചു. ജങ്കാര്‍ ഇറങ്ങിയ ശേഷം അരൂര്‍ മണ്ഡലത്തിലെ വേദിയായ അരയങ്കാവ് ക്ഷേത്ര ഗ്രൗണ്ടിലേക്കാണ് സംഘം പോകുന്നത്. ഇവിടേക്കുള്ള വഴിയും അരൂര്‍, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ് നടക്കുന്ന വേദിയും ഇന്നലെ പരിശോധിച്ചു.
എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ചേര്‍ത്തല തഹസില്‍ദാര്‍ മനോജ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ചേര്‍ത്തല മണ്ഡലം കണ്‍വീനര്‍ ആശ സി. എബ്രഹാം, റവന്യൂ, പഞ്ചായത്ത്, കെ.എസ്.ആര്‍.ടി.സി., ജലഗതാഗതം, എം.വി.ഡി., പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.