ഡയറക്ട് ക്യാഷ് ട്രാൻസ്‌ഫർ ടു ഡയറക്ട് വോട്ട് ട്രാൻസ്‌ഫർ ..
ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കൂ അവരുടെ വോട്ടുനേടി അധികാരത്തിലെത്തൂ..
ഇതാണ് പുതിയ ട്രെൻഡ്. രാഷ്ട്രീയനേതാക്കൾ അഴിമതിക്കാരും ഖജനാവ് കൊള്ളയടിച്ച് ധനസമ്പാദനം നടത്തുന്നവരുമാണെന്ന പൊതുവായ ധാരണ മാറിക്കിട്ടാൻ ജനങ്ങൾക്ക് നേരിട്ട് സഹായവും സബ്‌സിസിയുമെത്തിക്കുന്ന രീതി മെല്ലെമെല്ലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിക്കുകയാണ്.
ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം,വസ്ത്രം, വീട്,വെള്ളം,വൈദ്യുതി,ചികിത്സ,തൊഴിൽ ഇവയൊക്കെ തെരഞ്ഞെടുപ്പ് വഗ്‌ദാനങ്ങളായി മാത്രം മാറിയിരുന്ന കാലം ഇന്നില്ല. സർക്കാരുകൾ നടപ്പാക്കിയ വാഗ്ദാന ങ്ങളുടെ പ്രോഗ്രസ്സ് കാർഡ് വരെ ജനം ആവശ്യപ്പെടുന്ന കാലമാണ് ഇപ്പോഴുള്ളത്..
സൗജന്യറേഷൻ, എല്ലാവർക്കും പാർപ്പിടം,വെള്ളം,വൈദ്യുതി സബ്‌സിഡി,ഒരു കുടുംബത്തിൽ ഒരാൾക്ക് ജോലി, സൗജന്യ ചികിത്സാ ഇഷുറൻസുകൾ,മാസാമാസം വനിതകൾക്കും കർഷകർക്കും അവരുടെ അക്കൗണ്ടുകളിൽ നേരിട്ട് പണം ഇതൊക്കെ ഇന്ന് യാഥാർഥ്യമാകുകയാണ്.
എബ്രഹാം ലിങ്കൺ അമേരിക്കയിലെ പട്ടിണിയും തൊഴിലില്ലായ്മയുമകറ്റാൻ നടത്തി വിജയിച്ച ഈ ഫോർമുലയാണ് ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസ്സും പ്രയോഗിച്ചതും വിജയം കൈവരിച്ചതും..
ഇന്ത്യയിൽ ഇത്തരം ഓഫറുകളും ആനുകൂല്യങ്ങളും ആദ്യമായി പ്രഖ്യാപിച്ചതും നടപ്പാക്കിയതും ആം ആദ്മി പാർട്ടിയാണ്. അവരെക്കാൾ മെച്ചപ്പെട്ട തരത്തിലാണ് കൂടുതൽ ആനുകൂല്യങ്ങളും സബ്‌സിഡികളും നേരിട്ട് അക്കൗണ്ടുകളിൽ പണമെത്തിക്കുന്ന വാഗ്‌ദാനങ്ങളുമായി മറ്റു രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്.
ദേശീയ പാർട്ടിയെന്ന പദവി കരസ്ഥമാക്കിയ AAP ഇത്തവണ മൂന്നു സംസ്ഥാനങ്ങളിലും വ്യാപകമായ പ്രചാരണമാണ് നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചേർന്ന് നിരവധി പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ മദ്ധ്യപ്രദേശിൽ AAP മത്സരിച്ച 70 സീറ്റുക ളിലും രാജസ്ഥാനിലെ 88 സീറ്റുകളിലും ഛത്തീസ്‌ഗഢിലെ 57 സീറ്റുകളിലും അവർക്ക് ഒരു സീറ്റിൽപ്പോലും വിജയിക്കാനായില്ല എന്നതിനപ്പുറം മത്സരിച്ച എല്ലാ സീറ്റുകളിലും അവർക്ക് കെട്ടിവച്ച കാശും നഷ്ടമായി.
മദ്ധ്യപ്രദേശിൽ BJP സർക്കാർ കൊണ്ടുവന്ന ലാഡ്‌ലി ബഹന യോജന ( പ്രിയ സഹോദരി പദ്ധതി) പ്രകാരം ഇൻകം ടാക്സ് പരിധിയിൽ വരാത്ത എല്ലാ സ്ത്രീകൾക്കും മാസം 3000 രൂപ അവരുടെ അക്കൗണ്ടിലൂടെ ലഭ്യമാകുന്നു. മുൻപ് ഇത് 1250 രൂപയായിരുന്നു.
450 രൂപയ്ക്ക് ഒരു ഗ്യാസ് സിലിണ്ടർ, വർഷം 9 സിലിണ്ടർ.
സ്‌കൂളുകളിൽ ഉച്ചഭക്ഷണം കൂടാതെ രാവിലെ ബ്രേക്ക് ഫാസ്റ്റ്.
വീടില്ലാത്ത എല്ലാവർക്കും വീട്..
മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യം..
മദ്ധ്യപ്രദേശിൽ ഇതായിരുന്നു ബിജെപി നൽകിയ ഗ്യാരണ്ടീ ഓഫറെങ്കിൽ ഛത്തീസ്‌ഗഢിലും രാജസ്ഥാനിലും ഏതാണ്ട് സമാനമായ വാഗ്ദാനങ്ങളാണ് അവർ നൽകിയത്.
ഛത്തീസ് ഗഢിൽ വിവാഹിതരായ സ്ത്രീകൾക്ക് വര്ഷം 12000 രൂപ അവരുടെ അക്കൗണ്ടിലൂടെ നൽക പ്പെടും. 500 രൂപയ്ക്ക് ഗ്യാസ്,200 യൂണിറ്റ് വൈദ്യുതി സൗജന്യമുൾപ്പെടെ നിരവധി ഓഫറുകളാണ് ബിജെപി നൽകിയിരിക്കുന്നത്.
രാജസ്ഥാനിൽ ബിജെപി നൽകിയ ഓഫറുകൾ ..
ഓരോ പെൺകുട്ടി ജനിക്കുമ്പോഴും 2 ലക്ഷം രൂപ കുട്ടിയുടെ അക്കൗണ്ടിൽ ബോണ്ടായി നിക്ഷേപിക്കും. കുട്ടി 6 -)o ക്‌ളാസ്സി ലെത്തുമ്പോൾ മുതൽ വർഷം 6000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിക്കും.കുട്ടി 9 -)o ക്ലാസ്സിലെത്തുമ്പോൾ 8000 രൂപയും 10 ൽ 10000 രൂപയും 11 ൽ 12000 രൂപയും 12 ൽ 14000 രൂപയും സർക്കാർ ഡിപ്പോസിറ്റ് ചെയ്യുന്നതാണ്. പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന പെൺകുട്ടികളുടെ അക്കൗണ്ടിൽ 15000 ഒരോ വർഷവും നൽകും. 21 വയസ്സാകുമ്പോൾ ഒരു ലക്ഷം രൂപയും ഡിപ്പോസിറ്റ് ലഭിക്കും.
അതുവരെ സർക്കാർ നിലനിൽക്കുമോ എന്ന ചോദ്യത്തിന് ഭാവിയിൽ വരുന്ന സർക്കാരുകൾക്കും ഈ രീതിതന്നെ പിന്തുടരേണ്ടി വരും എന്നതാണ് ഉത്തരം.
12 പാസ്സാകുന്ന എല്ലാ പെൺകുട്ടികൾക്കും സ്‌കൂട്ടി നൽകപ്പെടും.
450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ.
ഗർഭിണികളായ സ്ത്രീകൾക്ക് നൽകുന്ന സഹായം 5000 രൂപയിൽ നിന്ന് 8000 ആക്കും.
ഇനി തെലുങ്കാനയിലേക്ക് വരാം..
തെലുങ്കാനയിൽ കോൺഗ്രസ് കർണ്ണാടകയിൽ നൽകിയ വിപുല മായ വാഗ്‌ദാനങ്ങളിൽ നിന്നും ഒരു പടികൂടി മുന്നോട്ടു പോയി..
പ്രധനപ്പെട്ട 6 ഉറപ്പുകൾ ( ഗ്യാരണ്ടി ) ആണ് അവർ ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.
1 .ഇന്ദിരമ്മ ഇന്ദു ഗ്യാരണ്ടി. വീടില്ലാത്തവർക്ക് വീടുവയ്ക്കാൻ 5 ലക്ഷം രൂപയും തെലുങ്കാന പ്രക്ഷോഭത്തിൽ പങ്കെടുത്ത വർക്ക് 250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്ലോട്ടും നൽകും.
2 .മഹാലക്ഷ്മി ഗ്യാരണ്ടി. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ അവരുടെ അക്കൗണ്ടിൽ ലഭ്യമാക്കും. കൂടാതെ സംസ്ഥാന ട്രാൻസ്‌പോർട്ട് ബസ്സുകളിൽ സൗജന്യ യാത്രയും 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും.
3 . ഗൃഹ ജ്യോതി ഗ്യാരണ്ടി . എല്ലാ വീടുകൾക്കും മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യം.
4 .യുവ വികാസം ഗ്യാരണ്ടി. വിദ്യാർത്ഥികൾക്ക് 5 ലക്ഷം രൂപ യുടെ വിദ്യാ ഉറപ്പ് കാർഡും (Vidya Bharosa Card) കോച്ചിംഗിനുള്ള സഹായവും.
5 . Cheyutha ഗ്യാരണ്ടി. വയസ്സായവർക്ക് 4000 രൂപ പെൻഷനും 10 ലക്ഷം രൂപയുടെ ഇൻഷുറൻസും.
6 . Rythu ഗ്യാരണ്ടി. കർഷകർക്ക് വർഷം 15000 രൂപ സഹായധനവും കര്ഷകത്തൊഴിലാളികൾക്ക് 12000 രൂപയും അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി നൽകും.
ഇവിടെ ഓർക്കേണ്ടതായ ഒരു വസ്തുത, ജനങ്ങൾക്ക് ഇങ്ങനെ സൗജന്യങ്ങൾ വാരിക്കോരി നൽകുന്നതിനെ ആദ്യം മുതലേ നഖശിഖാന്തം എതിർത്തുപോന്നവരാണ് കോൺഗ്രെസും ബിജെപിയും.ഈ ആനുകൂല്യങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നായിരുന്നു ഇവരുടെ വാദമുഖങ്ങൾ. ഇപ്പോൾ അവരും ഈ വഴിതന്നെ തെരഞ്ഞെടുത്തത് ഏറെ കൗതുകകരമാണ്.
നിരവധി സൗജന്യങ്ങളും രൊക്കം പണവുമൊക്കെ നൽകുന്ന ഡൽഹി,പഞ്ചാബ്,കർണ്ണാടക, മദ്ധ്യപ്രദേശ് സർക്കാരുകൾ സാമ്പത്തികമായി പാപ്പരാകുകയോ കടക്കെണിയിലാകുകയോ ചെയ്തതായി അറിയുന്നില്ല. അങ്ങനെ വന്നിരുന്നെങ്കിൽ ഇപ്പോൾ കൂടുതൽ സൗജന്യങ്ങളുമായി അവർ മുന്നോട്ടു വരില്ലായിരുന്നു എന്ന കാര്യവും ഓർക്കേണ്ടതാണ്.
ഇവിടെ ഒരു കാര്യം കൂടി പറയാതെ തരമില്ല. ഇതുവല്ലതും കേരളത്തിൽ നടപ്പാക്കുമോ ? നാളെ കോൺഗ്രസ് വന്നാലും സിപിഎം തുടർന്നാലും ?