കോട്ടയം: ചിങ്ങവനത്ത് റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഇവരുടെ ഭർത്താവിനെയും ആക്രമിച്ച കേസിൽ വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി സലാമിനെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്. ചാമക്കുളം റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം.
ട്രെയിൻ എത്താറായ സമയം പ്രതി റെയിൽവേ ക്രോസിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്നു. ഇത് ഗേറ്റ് കീപ്പറായ യുവതി വിലക്കുകയും ട്രെയിൻ വരുന്ന സമയമായതിനാൽ റെയിൽവേ ഗേറ്റ് അടയ്‌ക്കാൻ പോകുകയാണെന്നും പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട് തടയാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെയും പ്രതി മർദ്ദിച്ചു. ഇരുവരുടെയും പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു