ഒരമ്മയും രണ്ടു മക്കളും, പിന്നെ കെ.സി വേണുഗോപാലും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം കൊടുത്ത, ദീര്‍ഘകാലം ഇന്ത്യ ഭരിച്ച, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തെക്കുറിച്ചു പറഞ്ഞു വരികയാണ്. കടത്തില്‍ മുങ്ങിയ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചുക്കി ചുളുങ്ങിയ നേതൃത്വം പോലെ. തകരുന്ന ഒരു കുടുംബ ബിസിനസിന്‍റെ ദുര്‍ബലമായ നേതൃത്വം പോലെ എന്നു പറയുകയാകും നല്ലത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുരത്തി ഇന്ത്യാ മഹാരാജ്യത്തില്‍ അധികാരം പിടിച്ചടക്കാനിറങ്ങിയ കോണ്‍ഗ്രസ് വടക്കേ ഇന്ത്യയില്‍ ഇതാ അടിപതറി നില്‍ക്കുന്നു. കൈയിലിരുന്ന ഛത്തിസ്‌ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും കൈവിട്ടുപോയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പിടിപ്പും പത്രാസുമെല്ലാം വെറും പഴങ്കഥയായി.
അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പ് വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പിലേയ്ക്കുള്ള വഴികാട്ടിയാകുമെന്ന കാര്യം എല്ലാവര്‍ക്കുമറിയാമായിരുന്നു. പക്ഷെ, ആ ഗൗരവം ഒരിക്കലും കോണ്‍ഗ്രസ് നേതൃത്വം ഉള്‍ക്കൊണ്ടില്ല. അതിനുവേണ്ടി അദ്ധ്വാനിച്ചില്ല. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ സംഘടനയെയും അണികളെയും ഒരുക്കിയില്ല. തന്ത്രങ്ങള്‍ മെനഞ്ഞില്ല. ശത്രു പക്ഷത്തെ നീരീക്ഷിച്ച് അവരുടെ നീക്കങ്ങള്‍ മനസിലാക്കി ബദല്‍ പരിപാടികള്‍ ആവിഷ്കരിച്ചില്ല.
ബിജെപിക്കെതിരെ, അതിന്‍റെ നേതാവ് നരേന്ദ്ര മോദിക്കെതിരെ, പടയ്ക്കിറങ്ങാന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഒട്ടും കെല്‍പ്പില്ലെന്നു തെളിയിച്ചിരിക്കുന്നു ഈ തെരഞ്ഞെടുപ്പുകള്‍
എല്ലാത്തിനും ഉത്തരവാദികള്‍ നേതാക്കള്‍. അതെ. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി പിന്നെ കെ.സി വേണുഗോപാലും. എല്ലാ കാര്യങ്ങളും ഇവര്‍ കൂടിയിരുന്നാലോചിക്കും. ഇവര്‍ തീരുമാനമെടുക്കും. ഇവര്‍ തന്നെ നടപ്പിലാക്കും. ആരോടും ആലോചനയില്ല. ചര്‍ച്ചയില്ല. കാര്യങ്ങള്‍ പഠിക്കുകയോ, രാഷ്ട്രീയം നിരീക്ഷിക്കുകയോ, അതിനനുസരിച്ച് ഗൃഹപാഠം ചെയ്യുകയോ ഇല്ല. പ്രമുഖ നേതാക്കളെ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്തു.
വലിയ പ്രതീക്ഷയോടെ കോണ്‍ഗ്രസ് തന്നെ നേതൃത്വം കൊടുത്ത ‘ഇന്ത്യാ’ മുന്നണിയുടെ കാര്യവും കട്ടപ്പുക. തെരഞ്ഞെടുപ്പു വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നണി ഘടകകക്ഷികളെ പാടേ മറന്നു. സമാജ്‌വാദി പാര്‍ട്ടിയെപ്പോലും അടുപ്പിച്ചില്ല. ഇനി യുപിയില്‍ കാണിച്ചുതരാമെന്നു കോണ്‍ഗ്രസിനു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണു അഖിലേഷ് യാദവ്.
ഇടതു മുന്നണിയെയും മറ്റു കക്ഷികളെയുമൊക്കെ കോണ്‍ഗ്രസ് മറന്നു. ‘ഇന്ത്യാ’ മുന്നണിയെ കോണ്‍ഗ്രസ് തന്നെ നശിപ്പിച്ചുവെന്ന് ഫറൂഖ് അബ്ദുള്ള വരെ കുറ്റപ്പെടുത്തിയിരിക്കുന്നു
നാലു സംസ്ഥാനങ്ങളിലെ ഫലം വന്നുകൊണ്ടിരിക്കെത്തന്നെ കോണ്‍ഗ്രസിന്‍റെ ഗതി കണ്ട് അധ്യക്ഷന്‍ വിളിച്ചു പറഞ്ഞു, ‘ഇന്ത്യ’ മുന്നണി ഉടന്‍ യോഗം ചേരുമെന്ന്. ഉടന്‍ തന്നെ മമതാ ബാനര്‍ജി പ്രതികരിച്ചു – ഈ മുന്നണി യോഗത്തിലേയ്ക്കു താനില്ലെന്ന്.
ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെയൊക്കെ കൂട്ടിച്ചേര്‍ത്തു മത്സരിച്ചാല്‍ വിജയിക്കാമെന്ന് ആര്‍ക്കുമറിയാവുന്ന ഗണിതശാസ്ത്രം. ബിജെപി ജയിച്ച സംസ്ഥാനങ്ങളിലെ വോട്ടു വിഹിതം പരിശോധിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു ഇക്കാര്യം. ഈ ചിന്ത തന്നെയാണ് ‘ഇന്ത്യാ’ മുന്നണിയുടെ രൂപീകരണത്തിലേയ്ക്കു നയിച്ചതും.
ഛത്തിസ്‌ഗഢിലും രാജസ്ഥാനിലും ഭരണം ഒറ്റയ്ക്കു നിലനിര്‍ത്തുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. മധ്യപ്രദേശ് തിരിച്ചുപിടിക്കുമെന്നും കണക്കുകൂട്ടി. ഹിന്ദി ബെല്‍റ്റില്‍ ഈ മൂന്നു സംസ്ഥാനങ്ങളും കൈപ്പിടിയിലായാല്‍ ദല്‍ഹിയിലേയ്ക്കുള്ള ദൂരം വളരെ കുറയുമെന്നും കരുതി. പിന്നെ തെലങ്കാനയും. കര്‍ണാടകയ്ക്കു പിന്നാലെ തെലങ്കാനയും കൈയില്‍ വന്നാല്‍പ്പിന്നെ ദല്‍ഹി യാത്ര എത്ര എളുപ്പമെന്നും സ്വപ്നം കണ്ടു. എത്ര മനോഹരമായ സ്വപ്നം !
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശക്തം തന്നെ. പക്ഷേ പ്രചാരണത്തിനും വീടുകയറിയുള്ള വോട്ടുപിടുത്തത്തിനും കാലാള്‍പ്പട വേണം. പിന്നില്‍ ശക്തമായ സംഘടനാ സംവിധാനം വേണം. ഈ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അതൊന്നുമുണ്ടായിരുന്നില്ല. സംഘടന ശക്തിപ്പെടുത്താനും പ്രചാരണം താഴേത്തട്ടിലേക്കെത്തിക്കാനും ദല്‍ഹിയിലെ നേതാക്കള്‍ കാര്യമായി ശ്രദ്ധിച്ചതുമില്ല.
മറുവശത്ത് ബിജെപി നാടും കാടുമിളക്കി പ്രചാരണം നടത്തി. എല്ലാറ്റിനും നായകനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി. ആര്‍എസ്എസ് പേജ് പ്രമുഖരെ അണിനിരത്തി പ്രചാരണം അടിത്തട്ടിലേയ്ക്കെത്തിച്ചു. ഒരു പിഴവും വരുത്താതെ. ഒരു കുറവുമില്ലാതെ.
കാരണം അവര്‍ക്കൊരു ലക്ഷ്യമുണ്ടായിരുന്നു. ദല്‍ഹിയില്‍ ഭരണം വീണ്ടും പിടിക്കുക എന്ന നരേന്ദ്ര മോദിയുടെ ലക്ഷ്യം. കോണ്‍ഗ്രസിനു ലക്ഷ്യമുണ്ടായിരുന്നു. പക്ഷേ പടനയിക്കാന്‍ മികച്ച നേതാക്കളില്ലാതെ പോയി.
മുമ്പ് മധ്യപ്രദേശില്‍ കമല്‍നാഥിനോടു പൊരുതി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്നു കേന്ദ്രമന്ത്രിയും ബിജെപിയുടെ പ്രമുഖ നേതാവുമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിനു കിട്ടേണ്ടിയിരുന്ന വലിയൊരു ജനപിന്തുണ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേയ്ക്ക് അടര്‍ത്തി മാറ്റി.
ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ആര്‍ എന്ന വൈ.എസ് രാജശേഖര റെഡ്ഡി. അദ്ദേഹം ആകസ്മികമായി ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞതിനെതുടര്‍ന്ന് കോണ്‍ഗ്രസിനു നാഥനില്ലാതെയായി.
വൈ.എസ്.ആറിന്‍റെ മകന്‍ വൈ.എസ് ജഗ്‌മോഹൻ റെഡ്ഡിയെയും കൂട്ടി വൈ.എസ്.ആറിന്‍റെ ഭാര്യ സോണിയാ ഗാന്ധിയെ കാണാന്‍ ദല്‍ഹിയിലെത്തി. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും സോണിയ ഇരുവരെയും കാണാന്‍ കൂട്ടാക്കിയില്ല. അവര്‍ നിരാശരായി മടങ്ങി. വേറെ പാര്‍ട്ടിയുണ്ടാക്കി മത്സരത്തിനിറങ്ങിയ ജഗ്‌മോഹൻ റെഡ്ഡി കോണ്‍ഗ്രസിനെ തറപറ്റിച്ച് മുഖ്യമന്ത്രിയായിരിക്കുന്നു.
ഒരിക്കലും പാഠം പഠിക്കാത്ത കോണ്‍ഗ്രസ് ഒരിക്കല്‍കൂടി പരാജയത്തിന്‍റെ പടുകുഴിയില്‍. പരാജയത്തിനു കാരണം കോണ്‍ഗ്രസ് തന്നെ. അതേ. കോണ്‍ഗ്രസിന്‍റെ തലപ്പത്തിരിക്കുന്ന നേതാക്കള്‍.