ലണ്ടന്‍ – ടെന്നിസില്‍ എട്ടാം തവണ വര്‍ഷാന്ത ലോക ഒന്നാം നമ്പറായി നോവക് ജോകോവിച് സ്വന്തം റെക്കോര്‍ഡ് പുതുക്കി. ഈ വര്‍ഷത്തെ നാല് ഗ്രാന്റ്സ്ലാമുകളില്‍ മൂന്നും സെര്‍ബിയക്കാരനാണ് സ്വന്തമാക്കിയത്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപണും ജൂണില്‍ ഫ്രഞ്ച് ഓപണും സെപ്റ്റംബറില്‍ യു.എസ് ഓപണും നേടി. വിംബിള്‍ണില്‍ റണ്ണര്‍അപ്പായി. 24 ഗ്രാന്റ്സ്ലാമുകളുമായി റെക്കോര്‍ഡിട്ടു. 2021 ല്‍ മുപ്പത്തിനാലാം വയസ്സില്‍ പ്രായമേറിയ വര്‍ഷാന്ത ഒന്നാം നമ്പറായ നോവക് ആ സ്വന്തം റെക്കോര്‍ഡും ഇത്തവണ മെച്ചപ്പെടുത്തി. പീറ്റ് സാംപ്രാസ് ആറു തവണയും റോജര്‍ ഫെദരറും റഫായേല്‍ നദാലും ജിമ്മി കോണേഴ്‌സും അഞ്ചു തവണ വീതവും വര്‍ഷാന്ത ഒന്നാം നമ്പറായിട്ടുണ്ട്. 
ഈ വര്‍ഷം 63 മത്സരം കളിച്ച മുപ്പത്താറുകാരന്‍ എഴെണ്ണം മാത്രമേ തോറ്റുള്ളൂ. കഴിഞ്ഞ മാസം നടന്ന എ.ടി.പി ഫൈനല്‍സിലുള്‍പ്പെടെ ഏഴ് കിരീടങ്ങള്‍ നേടി. ജൂലൈയില്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ അഞ്ച് സെറ്റില്‍ തന്നെ തോല്‍പിച്ച യുവ താരം കാര്‍ലോസ് അല്‍കാരസില്‍ നിന്ന് ഒന്നാം നമ്പര്‍ പദവി വീണ്ടെടുത്തു. പലതവണ ഇരുവരും ഒന്നാം റാങ്ക് കൈമാറി. ഡാനില്‍ മെദവദേവ്, യാനിക് സിന്നര്‍, ആന്ദ്രെ റൂബലേവ്, സ്‌റ്റെഫനോസ് സിറ്റ്‌സിപാസ്, അലക്‌സാണ്ടര്‍ സ്വരേവ്, ഹോള്‍ഗര്‍ റൂണെ, ഹ്യൂബര്‍ട് ഹുര്‍കാസ്, ടയ്‌ലര്‍ ഫ്രിറ്റ്‌സ് എന്നിവരാണ് 10 വരെ സ്ഥാനങ്ങളില്‍. ഇരുപതുകാരായ രണ്ടു പേര്‍ ആദ്യ പത്തിലുള്‍പെടുന്നത് ഇത് രണ്ടാം തവണയായാണ്, അല്‍കാരസും റൂണെയും. 
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈഗ ഷ്വിയോന്‍ടെക്കാണ് വനിതാ ഒന്നാം നമ്പര്‍. വര്‍ഷാന്ത ഡബ്ല്യു.ടി.എ ഫൈനല്‍സ് ചാമ്പ്യനും പോളണ്ടുകാരിയാണ്. ഈഗയാണ് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍. ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യന്‍ അരീന സബലെങ്കയെയാണ് ഈഗ മറികടന്നത്. യു.എ് ഓപണ്‍ ഫൈനലില്‍ ഈഗയെ തോല്‍പിച്ച കോക്കൊ ഗഫാണ് മൂന്നാം റാങ്ക്. എലേന റിബാകീന, ജെസിക്ക പെഗൂല എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 
2023 December 5Kalikkalamtitle_en: Djokovic finishes at No. 1 in record-extending eighth time

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed