ഫുല്‍ബാനി: സഹോദരനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ചക്കപ്പാടാണ് സംഭവം. തന്റെ സഹോദരന് ഭാര്യാസഹോദരിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ യുവതി ബന്ധം നിര്‍ത്തണമെന്ന് വിലക്കിയിരുന്നു.
ബന്ധം അവസാനിപ്പിക്കാന്‍ സഹോദരനോട് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ മറ്റുള്ളവരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ പ്രതികള്‍ക്ക് യുവതിയോട് വൈരാഗ്യമുണ്ടായിരുന്നു. സംഭവ ദിവസം ഇല പെറുക്കാനായി യുവതി സമീപത്തെ കാട്ടിലേക്ക് പോയിരുന്നു. യുവതിയുടെ ജ്യേഷ്ഠനും പശുക്കളുമായി അവിടെയുണ്ടായിരുന്നു.
ഇയാള്‍ തന്റെ നാല് സുഹൃത്തുക്കളെ കാട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിക്കുകയും മാറിമാറി യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. എതിര്‍ത്ത യുവതിയെ കോടാലി കൊണ്ട് ആക്രമിക്കുകയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. നവംബര്‍ 6ന് യുവതിയെ കാണാനില്ലെന്ന് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നവംബര്‍ 7ന് യുവതിയുടെ അഴുകിയ മൃതദേഹം വനത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.