സംസ്ഥാനത്ത് വീണ്ടും വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മരണം. മലപ്പുറം കിഴിശ്ശേരിയില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17) ആണ് മരിച്ചത്. കാട്ടുപന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍( നിന്നാണ് സിനാന് ഷോക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്.
സിനാന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാദിനും ഷോക്കേറ്റു. ഷംനാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. 
ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ സിനാനെ ഉടന്‍ തന്നെ കിഴിശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനാന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ആഴ്ചകള്‍ക്ക് മുമ്പ് ഇടുക്കി കരുണാപുരത്ത് സമാനരീതിയില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചിരുന്നു. തണ്ണിപ്പുറം സ്വദേശി ഒവേലിയില്‍ ഷാജി ആണ് മരിച്ചത്. കൃഷിയിടത്തില്‍ കാട്ടുപന്നി കയറുന്നത് തടയാന്‍ സ്ഥാപിച്ചിരുന്ന വേലിയില്‍ നിന്നാണ് ഷാജിക്ക് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരെത്തിയാണ് വൈദ്യുത ബന്ധം വിച്ഛേദിച്ചത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *