ന്യൂയോർക്ക്: വിസ്കോൺസിനിൽ മാഡിസണിലുള്ള ഓഫിസ് കെട്ടിടം ഫയർ ബോംബ് ചെയ്ത ഇന്ത്യൻ വംശജന്റെ മേൽ കുറ്റം ചുമത്തി. ഹൃദിന്ദു ശങ്കർ റോയ് ചൗധുരിയെ (29) ബോസ്റ്റൺ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
സ്‌ഫോടക വസ്തുവോ തീയോ ഉപയോഗിച്ചു നാശനഷ്ടങ്ങൾ വരുത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയതെന്നു ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് പ്രസ്താവനയിൽ പറഞ്ഞു. അടുത്ത ഫെബ്രുവരി 14നു കേസിൽ വിധി പറയും. കുറ്റം തെളിഞ്ഞാൽ അഞ്ചു വർഷത്തെ തടവാണ് ഏറ്റവും കുറവ്. കൂടിയത് 20 വർഷവും.
മെയ് 8നാണു സംഭവം നടന്നത്. ഒരു ജാറിൽ ആയിരുന്നു സ്ഫോടനത്തിനുള്ള ദ്രാവകം നിറച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. ‘ഗർഭഛിദ്രം സുരക്ഷിതമല്ലെങ്കിൽ നിങ്ങളും സുരക്ഷിതരല്ല’ എന്നു കെട്ടിടത്തിനു പുറത്തു ആരോ എഴുതി വച്ചിരുന്നു. ചവറു കുട്ടയിൽ ചൗധുരി എറിഞ്ഞ ഭക്ഷണ അവശിഷ്ടത്തിൽ നിന്നാണ് ചൗധുരിയുടെ ഡി എൻ എ പരിശോധിക്കാനുളള സാമ്പിൾ ലഭിച്ചത്. പോലീസ് തിരയുന്നുണ്ടെന്ന സൂചന ലഭിച്ചപ്പോൾ ഗോട്ടിമാലയിലേക്കു കടക്കാൻ ചൗധുരി ശ്രമിച്ചു. എന്നാൽ ബോസ്റ്റണിൽ വച്ച് അയാളെ പിടികൂടി.