വടക്കേ ഇന്ത്യയിലെ മോഡി പ്രഭാവത്തിൽ അഥവാ ഇ ഡി പ്രഭാവത്തിൽ കോൺഗ്രസ് പാർട്ടിയാണ് രക്ഷപ്പെട്ടത് എന്നാരെങ്കിലും പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം, കോൺഗ്രസ് പാർട്ടി ഇന്ത്യ മൊത്തം ഭരിച്ചിരുന്നത് ഓരോരോ സംസ്ഥാനത്തെയും തമ്പ്രാക്കന്മാരുടെ കാരുണ്യത്തിലാണ്.
യുപിയിലും ബീഹാറിലും ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശത്തും മഹാരാഷ്ട്രയിലും എന്തിനധികം പറയുന്നു കേരളത്തിൽ വരെ കോൺഗ്രസ് നേതൃത്വത്തിൽ തമ്പ്രാക്കന്മാർ ആയിരുന്നു. ആ തമ്പ്രാക്കന്മാരിൽ ഏറ്റവും അവസാനത്തെ രണ്ടാളും തോറ്റമ്പിയപ്പോൾ ഇവിടെ രക്ഷപ്പെടുന്നത് പാർട്ടിയാണ്. യുവ നേതൃത്വമാണ് , ഇന്ത്യയാണ് !
കമൽനാഥ് എന്ന നാട്ടുരാജാവ് മധ്യപ്രദേശം മൊത്തം വെട്ടിപ്പിടിക്കുവാൻ തന്റെ മൂന്നാം കുഴിക്ക് ശത്രുവായി കണ്ടിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ പുകച്ചു ചാടിച്ചു. കമൽനാഥ് പണിയെടുത്തിട്ടില്ല എന്ന് പറയുന്നില്ല, പക്ഷെ ഒത്തുപിടിച്ചാൽ മലയും പറിക്കാം എന്നുള്ള വസ്തുത ചെവിക്കൊണ്ടില്ല.
തിരഞ്ഞെടുപ്പിൽ വിജയിക്കുവാൻ കുറെയധികം ഈനാം പേച്ചികളെയും മരപ്പട്ടികളെയും കൂടെ കൂട്ടേണ്ടതായുണ്ട് . അല്ലാതെ ഒറ്റമകൻ പോളിസി തിരഞ്ഞെടുപ്പിൽ വിജയിക്കില്ല. വ്യാപം പോലുള്ള ഏറ്റവും വലിയ അഴിമതികളും അതുമായി ബന്ധപ്പെട്ടുള്ള കൊലകളും ഉണ്ടായിട്ടും അവിടത്തെ മുഖ്യമന്ത്രി വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നത് ഈ വക നേതാക്കന്മാരുടെ പിടിപ്പുകേടുകൾ കൊണ്ടുമാത്രമാണ്.
അശോക് ഗെഹ്‌ലോട്ട് അധികാരക്കൊതി മൂത്തുകൊണ്ട് ആ പാവം സച്ചിൻ പൈലറ്റിനെ ഒതുക്കുവാൻ ശ്രമിച്ചപ്പോൾ രാജസ്ഥാനികൾ ആ നാട്ടുമൂപ്പനെയും വെട്ടി വെയിലത്ത് വെച്ചു. അവിടെ മോഡി പ്രഭാവം അല്ലെങ്കിൽ ഇ ഡി പ്രഭാവം എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
പരസ്പരം കാലുവാരലുകളും ചെളി വാരിയെറിയലുകളും ജനം മനസിലാക്കിയപ്പോൾ അപ്പുറത്തുള്ളവന് വോട്ട് ചെയ്തുവെന്ന് മാത്രം. രാജസ്ഥാനികൾ പൊതുവെ വർഗീയത ഉള്ളവരല്ല. അവരിൽ ലേശം മനുഷ്യത്വം ഉള്ളവരാണ്. അവരൊരിക്കലും വർഗീയത വോട്ടാക്കി മാറ്റുവാൻ സമ്മതിക്കാറില്ല. പക്ഷെ ഗെഹ്‌ലോട്ടിന്റെ അപ്രമാദിത്വം അവർക്ക് മതിയായി. അത്ര തന്നെ.
ഛത്തീസ് ഗഡിലെ ആ നല്ല മനുഷ്യനെ തോൽപ്പിച്ചത് ഇ ഡി തന്നെയാണ് . അവിടെ പണം വാരിയെറിഞ്ഞും സിബിഐ – ഇ ഡി കളികൾ കളിച്ചും മാത്രമാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. അത് മനസിലാക്കുവാൻ നേതൃത്വം ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാൻ.
അമിത ആത്മവിശ്വാസവും ഛത്തീസ്ഗഢിന്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം പുലർത്തി പോന്നിരുന്നു. എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രിയുടെ വ്യക്തി പ്രഭാവത്തിൽ ഛത്തീസ്ഗഡിൽ തുടർഭരണം എന്ന് വല്ലാതെ മോഹിച്ചുപോയി. രാഹുലും പ്രിയങ്കയും വേണുഗോപാലും ഒക്കെ അക്കാര്യം വിശ്വസിക്കുകയും ചെയ്തു. ആമയും മുയലും ഓടിയ അവസ്ഥയായി എന്ന് വേണം പറയുവാൻ.
തെലങ്കാന ശരിക്കും കോൺഗ്രസിന്റെ തന്നെയാണ് . അന്ന് ചന്ദ്രശേഖര റാവുവിനെ സുഖിപ്പിക്കുവാൻ സോണിയാമ്മ അനാവശ്യമായി ആന്ധ്രായെ പിരിച്ചപ്പോൾ നഷ്ടമായത് ഒരു ഉരുക്കുകോട്ടയായിരുന്നു.
അവിടെ വളരെ അച്ചടക്കത്തോടെ ഡി.കെ ശിവകുമാർ – കെ മുരളീധരൻ എന്നീ പോരികളുടെ മേൽനോട്ടത്തിൽ രേവന്ത റെഡ്ഢിയെന്ന ചെറുപ്പക്കാരനെ കളത്തിൽ ഇറക്കിയപ്പോൾ തകർന്നത് റാവുവിന്റെ സാമ്രാജ്യവും ബിജെപിയുടെ തെക്കേ ഇന്ത്യൻ മോഹങ്ങളുമായിരുന്നു .
രേവന്ത റെഡ്ഢിയെ പാർട്ടി പ്രസിഡണ്ട് ആക്കിയതുമുതൽ അദ്ദേഹത്തിന് കിട്ടിയ സോഷ്യൽ ഇമ്പാക്റ്റ്, കൂടാതെ ഭാരത് ജോഡോ യാത്രയുടെ അലയൊലികൾ എല്ലാം ചേർന്നുകൊണ്ട് തെലങ്കാന കോൺഗ്രസ്സിന് കിട്ടിയപ്പോൾ ലേശം ആശ്വാസമായത് സോണിയാമ്മക്ക് തന്നെയാണ്. മിസോറാമിൽ കോൺഗ്രസിനും ബിജെപിക്കും റോളൊന്നുമില്ലായിരുന്നു. അവിടെ തങ്ങളുടെ നാട്ടിലെ ഭാഷ തന്നെ മതിയെന്ന് മിസോറാമുകാർ തീരുമാനിച്ചു.
സുനിൽ കനഗോലു രണ്ടു സംസ്ഥാനങ്ങൾ കോൺഗ്രസിന് നേടിക്കൊടുത്തു. മധ്യപ്രദേശത്തും രാജസ്ഥാനിലും അങ്ങേരുടെ ആവശ്യമില്ലെന്നു നേതാക്കന്മാർ വിലയിരുത്തി. ശരിക്കും പറഞ്ഞാൽ ഈ തോൽവി ഗുണം ചെയ്യുന്നത് ‘ഇന്ത്യ ‘ സഖ്യത്തിനാണ് .
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും കുറെയധികം കാര്യങ്ങൾ പഠിക്കുവാനായി.
കിളവന്മാരായ നേതാക്കന്മാരുടെ പിടിവാശികൾ അവസാനിപ്പിക്കുവാൻ ഈ സെമി ഫൈനൽ ഒരു കാരണമായി. ഇക്കഴിഞ്ഞ ക്രിക്കറ്റ് വേൾഡ് കപ്പിൽ എല്ലാ കളികളും ജയിച്ചു ജയിച്ചു കയറി സെമി ഫൈനലും തൂത്തുവാരി ഫൈനലിൽ തകർന്നു തരിപ്പണമായ ഇന്ത്യൻ ടീമാണ് ഇന്നിപ്പോൾ എല്ലാവരുടെയും പ്രതീക്ഷയായി അവസാനിക്കുന്നത് .
കേരളത്തിൽ ആയാലും ഇന്ത്യ ഒട്ടുക്കും ആയാലും പല പഞ്ചായത്തുകളും സർവീസ് സഹകരണ ബാങ്കുകളും ചില കോൺഗ്രസ് നേതാക്കൾ അവരുടെ കുടുംബ സ്വത്തായി കാണുന്നു.
അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കോൺഗ്രസ് പാർട്ടിയെ ഉപയോഗിക്കുകയും അവരുടെ മക്കളും കുടുംബങ്ങളും പാർട്ടിയുടെ മറവിൽ ജോലികൾ തരപ്പെടുത്തുകയും അല്ലാതെയുള്ള കാര്യസാധ്യത്തിനായി പാർട്ടിയെ ദുരുപയോഗം ചെയ്യുകയും ചെയ്തപ്പോൾ സാധാരണക്കാരായ ജനത അവരെ ചെവിക്കു പിടിച്ചു പുറത്തിട്ടു.
അവരുടെ മക്കളും പേരമക്കളും ഒക്കെ കോൺഗ്രസ്സിന്റെ ദയനീയ തോൽവി കണ്ട് കൈകൊട്ടി ചിരിക്കുന്നു. ശതുക്കളുടെ കൂടെ ചേർന്ന് പടക്കം പൊട്ടിക്കുന്നു. ഇന്നിപ്പോൾ ആ പഞ്ചായത്തുകളും സർവീസ് സഹകരണ ബാങ്കുകളും തിരിച്ചുപിടിക്കുവാൻ പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ചക്രശ്വാസം വലിക്കുന്നു .
കേരളത്തിൽ നാലാളുകൾ ആണ് മുഖ്യമന്ത്രി കുപ്പായം തയ്‌ക്കാൻ കൊടുത്തിട്ടുള്ളത്, അവരൊക്കെ ഇത് ഉൾക്കൊണ്ടാൽ നന്നായിരുന്നു !
ഇതാണ് ശരിക്കും കോൺഗ്രസ്സ് പാർട്ടിക്ക് സംഭവിച്ചത്, പക്ഷെ എല്ലാറ്റിനും ഒരതിരുണ്ട്, ഒരിക്കൽ തിരിച്ചുവരും, തീർച്ച !ശശി തരൂരും സച്ചിൻ പൈലറ്റും പോലുള്ളവർ ചേർന്ന് രാഹുലിനെയും പ്രിയങ്കയെയും ഒക്കെ സഹായിച്ചാൽ മാറാവുന്ന ഇന്ത്യയാണ് നമ്മുടേത് !
എന്തായാലും എന്റെ വോട്ട് കൈപ്പത്തിയിൽ തന്നെ എന്ന പ്രതിജ്ഞയോടെ ദാസനും ഫൈനലിൽ കാണാം എന്ന ആത്മവിശ്വാസത്തിൽ വിജയനും