മൈചോങ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയില്‍ തമിഴ്‌നാടും ആന്ധ്രയും. ചുഴലികാറ്റിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് ആന്ധ്രാപ്രദേശിലെ എന്‍ടിആര്‍ ജില്ല, പോണ്ടിച്ചേരി, കാരക്കല്‍, യാനം എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ആളുകളോട് വീട്ടിലിരുന്ന് ജോലിചെയ്യാനോ അവശ്യ ജീവനക്കാരെ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കാനും സ്വകാര്യ കമ്പനികളോടും ഓഫീസുകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിലുടനീളമുള്ള പല സ്ഥലങ്ങളിലും കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവര്‍ത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.
ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവയുള്‍പ്പെടെ തമിഴ്നാട്ടിലെ മറ്റ് സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയിലുടനീളം നിരവധി മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ, ഏറ്റവും വടക്ക്-വടക്കുപടിഞ്ഞാറായി, കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നു മൈചോങ്. 
വടക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ചെന്നൈ നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ 21 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ എട്ട് അധിക ടീമുകളെ മൈചോങ് കണക്കിലെടുത്ത് രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട്, ഒഡീഷ, പുതുച്ചേരി ചീഫ് സെക്രട്ടറിമാരും ആന്ധ്രപ്രദേശിലെ റവന്യൂ, ദുരന്തനിവാരണ സ്പെഷ്യല്‍ ചീഫ് സെക്രട്ടറിയും സ്വീകരിച്ചുവരുന്ന തയ്യാറെടുപ്പ് നടപടികളെക്കുറിച്ച് എന്‍സിഎംസിയെ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ കണ്ടെത്തി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. 
ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മൈചോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ കിഴക്കന്‍ തീരത്തെ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തമിഴ്നാട്, പുതുച്ചേരി, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ബിജെപി പ്രവര്‍ത്തകരോട് ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും പ്രാദേശിക ഭരണകൂടത്തെ പിന്തുണയ്ക്കാനും പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചു. 
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ മൈചോങ് ചുഴലിക്കാറ്റിന്റെ പ്രഭാവം അനുഭവപ്പെട്ടേക്കും. ഡിസംബര്‍ 6, 7 തീയതികളില്‍ പുര്‍ബ, പശ്ചിമ മേദിനിപൂര്‍, ഝാര്‍ഗ്രാം, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, കൊല്‍ക്കത്ത, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച അറിയിച്ചു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *