രാജസ്ഥാനും മധ്യപ്രദേശുമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി ഹാട്രിക് വിജയം നേടിയിരുന്നു. ബിജെപിയുടെ ഈ വിജയം പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്  ഒരു മുന്നറിയിപ്പായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ സുപ്രധാന യോഗം ബുധനാഴ്ച ചേരുകയാണെന്ന് വിവരങ്ങള്‍ പുറത്തുവന്നത്.
എന്നാല്‍ ഈ യോഗത്തിന് മുമ്പ് പ്രതിപക്ഷ ഐക്യത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് പുറത്തുവരുന്നത്. ഡിസംബര്‍ ആറിന് നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (TMC) പങ്കെടുക്കില്ലെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നതും. ഡിസംബര്‍ ആറിന് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിന്റെ യോഗം വിളിച്ചതായി തങ്ങള്‍ക്ക് വിവരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. 
ഡിസംബര്‍ 6 ന് നടക്കുന്ന ഈ യോഗത്തില്‍ പങ്കെടുക്കാന്‍ മമത ബാനര്‍ജിക്ക് കഴിയില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യ മുന്നണിയുടെ യോഗ വിവരം അറിയുന്നത് ഇപ്പോഴാണ്. മറ്റു പരിപാടികള്‍ നേരത്തെ ചാര്‍ട്ടായിക്കഴിഞ്ഞു. മാറ്റിവയ്ക്കാന്‍ കഴിയാത്ത പരിപാടികളുള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കുവാന്‍ കഴിയില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ തകര്‍പ്പന്‍ വിജയങ്ങളോടെയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് സ്വന്തമാക്കിയത്. രാജസ്ഥാനില്‍ ബിജെപി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബിജെപിക്ക് 115 സീറ്റുകളും കോണ്‍ഗ്രസിന് 69 സീറ്റുകളുമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്ക് 15 സീറ്റുകള്‍ ലഭിച്ചിരുന്നു. 
അതേസമയം മധ്യപ്രദേശില്‍ 163 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. കോണ്‍ഗ്രസിന് വെറും  66 സീറ്റില്‍ തൃപ്തിയടയേണ്ടി വന്നു. ഒരു സീറ്റ് മാത്രമാണ് മറ്റുള്ള പാര്‍ട്ടികളുടെ അക്കൗണ്ടില്‍ ഇടം പിടിച്ചത്. ഛത്തീസ്ഗഡില്‍ ബിജെപി 54 സീറ്റുമായി ബിജെപി ഭരണം പിടിച്ചു. കോണ്‍ഗ്രസിനെ 35 സീറ്റുകളാണ് ലഭിച്ചത്. 
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും നേരിടാന്‍ കോണ്‍ഗ്രസ്, ടിഎംസി, ആര്‍ജെഡി, ജെഡിയു, എഎപി, എസ്പി, ഡിഎംകെ എന്നിവയുള്‍പ്പെടെ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണിക്ക് രൂപം കൊടുത്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ സഖ്യം എന്നാണ് പേരിട്ടത്.  ‘ഇന്ത്യ’ സഖ്യത്തിന്റെ ആദ്യ യോഗം പട്നയില്‍ നടന്നു. രണ്ടാമത്തെ യോഗം ബെംഗളൂരുവിലും മൂന്നാമത്തെ യോഗം മുംബൈയിലും നടന്നു. ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ നാലാമത്തെ യോഗം വിളിച്ചിരിക്കുകയാണ്. ഡിസംബര്‍ ´ആറിന് നടക്കുന്ന ഈ മീറ്റിംഗിലാണ് നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയ നിരീക്ഷകരുടെ കണ്ണുകള്‍.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed