മാനന്തവാടി:  സൗജന്യവും കുറഞ്ഞ നിരക്കിലുള്ളതുമായ നൈപുണ്യ പരിശീലനങ്ങളിലൂടെ കുറഞ്ഞ കാലയളവില്‍ ജില്ലയിലെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കി വിജയഗാഥ സൃഷ്ടിച്ചിരിക്കുകയാണ് മാനന്തവാടി അസാപ് കേരള കമ്യുണിറ്റി സ്‌കില്‍ പാര്‍ക്ക്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ നേതൃത്വത്തിലാണ് പ്രാദേശികമായി അവസരങ്ങളും സാധ്യതകളുമുള്ള നൈപുണികളില്‍ പ്രത്യേക പരിശീലനം നല്‍കി വരുന്നത്.
മാനന്തവാടി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 11 പേര്‍ക്ക് ജോലി ലഭിച്ചു. ടൂറിസം രംഗത്തെ ജോലികള്‍ക്കു വേണ്ടി അസാപ് കേരള മാനന്തവാടി സ്‌കില്‍ പാര്‍ക്കില്‍ ഉന്നതി  ഒരുക്കിയ 35 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീനം പൂർത്തിയാക്കിയ 20 ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചു. മറ്റൊരു ഹ്രസ്വകാല കോഴ്സായ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് പൂർത്തിയാക്കിയ അഞ്ചു പേർക്കും ജോലി ലഭിച്ചു.  
വലിയ സാധ്യതയുള്ള ഫിറ്റ്നസ് സർട്ടിഫിക്കേഷൻ കോഴ്സിന് ലിംഗഭേദമില്ലാതെ നിരവധി ഉദ്യോഗാർത്ഥികളാണ് പരീശീലനത്തിനെത്തുന്നത്. വയനാട്ടിലെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാണ് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് കോഴ്സും അവതരിപ്പിച്ചത്. പിഎം കെവിവൈ സ്കിൽ ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകളിൽ പരിശീലനം നൽകിയത്.  
 കൂടാതെ സന്നദ്ധ സംഘടനയായ ഉന്നതി, ടാറ്റാ പവർ കൺസൽട്ടന്റ് ട്രസ്റ്റ് എന്നിവരുമായി ചേർന്ന് അസാപ് കേരള 35 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനവും സംഘടിപ്പിച്ചു വരുന്നു. കംപ്യൂട്ടർ സ്കിൽ, അക്കൗണ്ടിംഗ് സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ കോഴ്സ്. 18നും 25നുമിടയിൽ പ്രായമുള്ള ആർക്കും ഈ പരിശീലനത്തിന് ചേരാവുന്നതാണ്. നിരവധി ഉദ്യോഗാർത്ഥികളാണ് ഓരോ മാസവും ഈ കോഴ്സിനായി മാനന്തവാടി കമ്യൂണിറ്റി സ്കിൽ പാർക്കിലെത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 8921407294, 9495999615

By admin

Leave a Reply

Your email address will not be published. Required fields are marked *